ഡിസംബറിന് ശേഷമാണോ പി.എസ്.സിക്ക് നവംബര്‍ ?
കോഴിക്കോട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡിസംബറില്‍ നടക്കേണ്ട പരീക്ഷ മാറ്റിവച്ച പി.എസ്.സി നവംബറിലെ പരീക്ഷ മാറ്റാതെ ഉദ്യോഗാര്‍ഥികളെ ദുരിതത്തിലാക്കുന്നു. നവംബര്‍ ഏഴിന് നടക്കേണ്ട എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപക പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ പി.എസ്. സി അയച്ചു തുടങ്ങിയിട്ടുണ്ട്. മറ്റു പരീക്ഷകളില്‍ നിന്ന് വ്യത്യസ്തമായി ഭൂരിഭാഗവും സ്ത്രീകള്‍ എഴുതുന്ന പരീക്ഷയാണിത്. അപേക്ഷിച്ചവരില്‍ 75 ശതമാനത്തിലധികം സ്ത്രീകളാണ്. ഇവരില്‍ പലര്‍ക്കും കൊച്ചുകുട്ടികളുമുണ്ട്. ഇവര്‍ക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യം വന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പാണ്.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പി.എസ്.സി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബറിലെ പരീക്ഷ മാറ്റിവച്ച പി.എസ്.സി ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നവംബര്‍ ഏഴിന് നടക്കുന്ന യു.പി.എസ്.എ, എല്‍.പി.എസ് എ പരീക്ഷകള്‍ക്ക് മറ്റു ജില്ലകളിലാണ് ഭൂരിഭാഗം പേര്‍ക്കും സെന്റര്‍ അനുവദിച്ചിട്ടുള്ളത്. ഗതാഗത സംവിധാനം പോലും പൂര്‍വസ്ഥിതിയിലാകാത്ത സാഹചര്യത്തില്‍ ഇത്ര ദൂരെ പോയി എങ്ങനെ പരീക്ഷയെഴുതും എന്ന ആശങ്കയിലാണ് വനിതാ ഉദ്യോഗാര്‍ഥികള്‍. കൊച്ചുകുട്ടികളുള്ള അമ്മമാര്‍ക്ക് വരെ മാനുഷിക പരിഗണന നല്‍കാന്‍ തയാറാകാതെ പി.എസ്.സിയും സര്‍ക്കാറും ക്രൂരതയോടെയാണ് പെരുമാറുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിട്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
എല്‍.പി, യു.പി അധ്യാപക പരീക്ഷ നടക്കുന്ന ദിവസം യാത്രക്കാരുടെ അമിതമായ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സര്‍വിസ് നടത്താന്‍ യൂനിറ്റ് അധികാരികള്‍ക്ക് കെ.എസ്.ആര്‍.ടിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കെ. എസ്.ആര്‍.ടി.സിയെ മാത്രം വിശ്വസിച്ച് പരീക്ഷാ സെന്ററിലെത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍.
നവംബറിലെ പരീക്ഷ വാശിപിടിച്ചു നടത്തുന്ന പി.എസ്.സി പക്ഷേ, ഡിസംബറിലെ പരീക്ഷ മാറ്റിവച്ച് ഇപ്പോഴേ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പത്താം ക്ലാസ് യോഗ്യത അടിസ്ഥാനമാക്കിയുള്ള തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. കൊവിഡ് വ്യാപിക്കുന്നതിനാലും പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍വ സ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനാലും കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിന് പ്രയാസമുള്ളതുകൊണ്ടുമാണ് പരീക്ഷ മാറ്റിവയ്ക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."