തിരുത്തിക്കാട് കിഴൂര്‍ പാടശേഖരത്തിലെ തരിശുഭൂമിയില്‍ വിത്തിറക്കി
കുന്നംകുളം: കഴിഞ്ഞ 30 വര്‍ഷത്തോളമായി പൂര്‍ണമായും തരിശായി കിടന്നിരുന്ന തിരുത്തിക്കാട് കിഴൂര്‍ പാടശേഖരത്തില്‍ വിത്തിറക്കി. കിഴൂര്‍ മടപ്പാട്ടു താഴം പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് വിത്തിറക്കിയത്. കുന്നംകുളം നഗരസഭ ചെയര്‍പെഴ്‌സണ്‍ സീതാരവീന്ദ്രന്‍ ആദ്യ വിത്തിറക്കല്‍ നിര്‍വഹിച്ചു.
വിത്തിറക്കലിന്റെ പ്രാരംഭ നടപടികളായി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാടശേഖരത്തിലെ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും ജനകീയ സഹകരണത്തോടെ നീക്കം ചെയ്തിരുന്നു. കൂടാതെ മഴക്കാലം തുടങ്ങിയത്തിന് ശേഷം പാടശേഖരത്തിലേക്ക് ഒഴുകി വന്ന പാഴ്‌വസ്തുകള്‍ മീന്‍പിടുത്തക്കാരുടെ സഹായത്തോടെ അവരുടെ വഞ്ചികളില്‍ ദിവസവും ശേഖരിച്ചിരുന്നു.
കുന്നംകുളം നഗരസഭ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കാലങ്ങളായി മണ്ണടിഞ്ഞ പ്രധാന തോടുകള്‍ നവീകരിക്കുകയും സൗജന്യമായി നിലം ഉഴുത് മറിക്കുകയും ചെയ്തിരുന്നു. കര്‍ഷകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി യോഗം ചേരുകയും മന്ത്രിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നതിന്റെ ഭാഗമായാണ് തിരുത്തിക്കാട് കിഴൂര്‍ പാടശേഖരത്തിലെ കൃഷിഭൂമിയില്‍ കൃഷിയിറക്കാന്‍ തീരുമാനമായത്. നഗരസഭയില്‍ നിന്നുള്ള മൂന്നുലക്ഷം രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കുന്നംകുളം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഗീതാശശി, പി.ജി ജയപ്രകാശ്, കെ.എ അസീസ്, നഗരസഭ ആരോഗ്യ വിഭാഗം ഹെല്ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണന്‍, കെ.കെ നൗഫല്‍, ദാസന്‍ കരുമത്തില്‍, ജി.കെ ജിന്നി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."