പ്രളയം; പ്രാഥമിക നിഗമനം: ജില്ലയുടെ നഷ്ടം 1392.3 കോടി
തൃശൂര്‍: പ്രളയക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ഏകദ്ദേശം 1392.3 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കുകള്‍. ഇത് പൂര്‍ണമല്ല. അസംഘടിത മേഖലകളിലെ വ്യക്തിഗത തലത്തിലും മറ്റുമുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ തുക ഇനിയും ഏറുമെന്നാണ് കണക്കാക്കുന്നത്. പല മേഖലകളിലും കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്.
ജില്ലയിലെ പ്രളയനാശനഷ്ടം വിലയിരുത്താനും മറ്റും എത്തിയ ലോകബാങ്ക്, എ.ഡി.ബി പ്രതിനിധികള്‍ പങ്കെടുത്ത അവലോകന യോഗത്തിലെ പവ്വര്‍ പോയിന്റ് അവതരണത്തിലാണ് ഏകദ്ദേശം 1392.3 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഓരോ മേഖലയ്ക്കും നേരിട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച ഏകദ്ദേശ ചിത്രം അതത് ജില്ലാതല വകുപ്പു മേധാവികള്‍ വ്യക്തമാക്കി. പ്രളയക്കെടുതി സംബന്ധിച്ച ദൃശ്യങ്ങളടങ്ങിയ ഫോട്ടോ ആല്‍ബവും ജില്ലാ ഭരണകുടം ലോകബാങ്ക് എ.ഡി.ബി പ്രതിനിധികള്‍ക്ക് കൈമാറി.
ജില്ലാ കലക്ടര്‍ ടി.വി അനുപമയാണ് ജില്ലയ്ക്കുണ്ടായ കെടുതികള്‍ സമഗ്രചിത്രം ആദ്യം വിവരിച്ചത്. തുടര്‍ന്ന് ഓരോ വകുപ്പ് മേധാവിയും അതത് കണക്കുകള്‍ അവതരിപ്പിച്ചു. വീടുകള്‍ക്കുണ്ടായ നാശത്തെതുടര്‍ന്ന് 24.937 കോടി രൂപ, പൊതു കെട്ടിടങ്ങള്‍ തകര്‍ന്ന വകയില്‍ 20.4185 കോടി രൂപ, റോഡുകളും പാലങ്ങളും ഉള്‍പ്പെടെ ഗതാഗത സംവിധാനങ്ങള്‍ക്കുണ്ടായ നാശത്തെ തുടര്‍ന്ന് 480.6309 കോടി രൂപ എന്നിങ്ങനെയാണ് നാശനഷ്ടങ്ങള്‍. പൈപ്പുകള്‍ ഒഴുകിയും മോട്ടോറുകള്‍ ജലവിതരണ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായും കേരള വാട്ടര്‍ അതോറിറ്റിക്ക് 9.87 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.
പ്രളയത്തെ തുടര്‍ന്ന് കക്കൂസ് ടാങ്കുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് 5.718 കോടി രൂപയുടെ നഷ്ടവും ജലസ്രോതസ്സുകളും ജലസേചനമുള്‍പ്പെടെയുളള മേഖലയില്‍ 133.1813 കോടിയുടെ നഷ്ടമുണ്ടായി. ഫിഷറീസ്, ടൂറിസം, ചെറുകിട വ്യവസായ മേഖല തുടങ്ങിയവയെല്ലാം ചേര്‍ന്ന് 251.207 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ മാത്രം 145 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇത് ഇനിയും ഏറാനാണ് സാധ്യത.
ഊര്‍ജ്ജരംഗത്ത് 82.2441 കോടി രൂപയുടെ നഷ്ടമാണ്. ജൈവ വൈവിധ്യ പാരിസ്ഥിതിക രംഗത്ത് 5.0155 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ആരോഗ്യം, സിവില്‍ സ്‌പ്ലൈസ് തുടങ്ങിയ മേഖലയില്‍ 9.7 കോടി രുപയുടെ നഷ്ടമുണ്ടായി. ജില്ലാ കലക്ടര്‍ ടി വി അനുപയ്ക്ക് പുറമേ സബ് കലക്ടര്‍ ഡോ. രേണുരാജ്, അസിസ്റ്റന്റ് കലക്ടര്‍ പ്രേംകൃഷ്ണന്‍, എ.ഡി.എം സി ലതിക, ജില്ലാ വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."