പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കേണ്ടത് ചെയര്‍മാന്റെ അധ്യക്ഷതയിലെന്ന് ജോസ് കെ. മാണി
കോട്ടയം: നിലവിലെ സാഹചര്യത്തില്‍ ചെയര്‍മാന്റെ അധ്യക്ഷതയിലാണ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ. മാണി. ചെയര്മാന് സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനവും ഒരുമിച്ചു പോകേണ്ടതാണ്. സമവായം വേണം, ഐക്യത്തോടെ മുന്നോട്ടുപോകണമെന്നാണ് നിലപാടെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുമ്പോള്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടണം. അത് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് യോഗം വിളിച്ചുകൂട്ടി സംസ്ഥാന കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടത്തണം. പലവട്ടം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാത്ത സാഹചര്യത്തിലാണ് കത്ത് നല്‍കിയത്. സംസ്ഥാന കമ്മറ്റിയംഗങ്ങളില്‍ നാലില്‍ രണ്ട് ഭാഗം ഒപ്പിട്ടാണ് നല്‍കിയത്.
അതിനിടെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാനകമ്മിറ്റിയോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ രേഖാമൂലം ഒപ്പിട്ട കത്ത് ഡെപ്യൂട്ടി ചെയര്മാന് സി.എഫ് തോമസിനും വൈസ് ചെയര്മാന് ജോസ് കെ. മാണിക്കും കൈമാറി. സംസ്ഥാന കമ്മിറ്റിയുടെ അംഗസംഖ്യയുടെ നാലില്‍ രണ്ട് അംഗങ്ങള്‍ ഒപ്പിട്ട കത്ത് വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫിന് കഴിഞ്ഞദിവസം കൈമാറിയിരുന്നു. കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം നാലില്‍ രണ്ട് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാനകമ്മിറ്റി ചേരേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."