കോട്ടക്കുളം നവീകരണത്തിന് തുടക്കം
വടകര: ടൗണിനു മുഴുവന്‍ ജലം നല്‍കാന്‍ പ്രാപ്തമായ കോട്ടക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. ഇന്നലെ രാവിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യമത്തിനു രംഗത്തിറങ്ങി.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കടത്തനാട് രാജാവ് നിര്‍മിച്ച കുളം 50 സെന്റിലേറെ വിസ്തൃതിയുള്ളതാണ്. കാലക്രമേണ കുളം ഉപയോഗശൂന്യമാവുകയായിരുന്നു. നാലുഭാഗവും കൈയേറ്റങ്ങള്‍ നടന്നിട്ടും ഇപ്പോഴും കുളത്തിന് 40 സെന്റിലേറെ വിസ്തൃതിയുണ്ട്.
കുളനവീകരണത്തിനായി ജനം ഒന്നിച്ചിറങ്ങിയത് കൂട്ടായ്മയുടെ വിജയമായി. കഴിഞ്ഞദിവസം വടകര കോട്ടപ്പറമ്പില്‍ സംരക്ഷണവലയം തീര്‍ത്തു. ഇന്നലെ രാവിലെ ഏഴിന് പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ധസേവകരും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെ അഞ്ചു കോടിയിലേറെ ചെലവഴിച്ച് നവീകരിച്ചെടുക്കുന്ന കുളം വടകരയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി എം.എല്‍.എ, എം.പി ഫണ്ടുകള്‍, കേന്ദ്രത്തിന്റെ സരോവരം പ്രോജക്ട്, വനംവകുപ്പിന്റെ സഹകരണം എന്നിവ തേടാനാണ് ഉദ്ദേശിക്കുന്നത്.
ചുറ്റുമുള്ള മരങ്ങളില്‍ ചിലത് മുറിച്ചുമാറ്റി കുളത്തിലേക്ക് വഴിയൊരുക്കുകയാണ് ആദ്യം ചെയ്തത്. ഡിവൈ.എസ്.പി കെ. സുദര്‍ശന്‍ നേരിട്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പൊലിസ് സേനാംഗങ്ങള്‍ക്ക് ആവേശം പകര്‍ന്നു. മുനിസിപ്പാലിറ്റിയിലെ ജീവനക്കാരും നവീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്റെ അധ്യക്ഷതയില്‍ സി.കെ നാണു എംഎല്‍എ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, കൗണ്‍സിലര്‍മാരായ പി. അശോകന്‍, പി.ബിജു, എ. പ്രേമകുമാരി, കര്‍മസമിതി ചെയര്‍മാന്‍ പി. ബാലന്‍, മണലില്‍ മോഹനന്‍, പി.പി രഞ്ജിനി, എടയത്ത് ശ്രീധരന്‍, കെ.വി വത്സലന്‍, കെ.സി പവിത്രന്‍, പി.പി ശൈലജ, കെ.പി പ്രദീപ്കുമാര്‍, സന്ദീപ് ലാല്‍, വടയക്കണ്ടി നാരായണന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."