ആലുവയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് നാലുകോടി
കൊച്ചി: പ്രളയബാധിത താലൂക്കായ ആലുവയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് നാലുകോടിയിലധികം തുക. ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തില്‍ ഇന്നലെ ആലുവ താലൂക്കില്‍ നി 4,08,21,609 സംഭാവന ലഭിച്ചു. പണമായും സ്വര്‍ണമായും ഭൂമിയായും ലഭിച്ച സഹായങ്ങള്‍ വ്യവസായിക വകപ്പു മന്ത്രി ഇ.പി.ജയരാജനും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീനും ചേര്‍ന്ന് ഏറ്റുവാങ്ങി. സി.എം.ആര്‍.എല്‍ രണ്ടുകോടി സംഭാവന നല്‍കുമെന്ന് ചെയര്‍മാന്‍ അരുണ്‍ എസ് കര്‍ത്താ നേരിട്ടെത്തി മന്ത്രിയെ ഇക്കാര്യം അറിയിച്ചു. കേരള ഇറിഗേഷന്‍ ആന്റ് പ്രൊജക്ട് വര്‍ക്കേഴ്‌സ് സി.ഐ.ടി.യു തൊഴിലാളി യൂണിയന്‍ ഒരു കോടി രുപ നല്‍കാമെന്നുള്ള സമ്മതപത്രവും ഇന്നലെ മന്ത്രിക്കു കൈമാറി. മിനി സിവില്‍ സ്‌റ്റേഷനില്‍ നടന്ന ധനസമാഹരണ യജ്ഞ പരിപാടിയില്‍ ചെക്ക് ഡ്രാഫ്റ്റ് ഇനത്തില്‍ 60,95,009 രൂപയും 1,66,600 രൂപ പണമായും ലഭിച്ചു.
കൂട്ടാല ചാക്കപ്പന്‍ മകന്‍ കെ.സി ജേക്കബ് ഏലൂര്‍ പാതാളത്തെ അഞ്ചു സെന്റ് ഭൂമി സഹായ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി. ജേക്കബും ഭാര്യയും പാനായിക്കുളത്ത് വാടകയ്ക്ക് താമസിക്കുമ്പോഴാണ് സ്വന്തമായുണ്ടായിരുന്ന ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മരിച്ചുപോയ കുഞ്ഞിന്റെ ഓര്‍മയ്ക്കായ് സൂക്ഷിച്ചു വച്ച സ്വര്‍ണ വളയാണ് കീഴ്മാട് കുറുന്തല സ്വദേശി കെ.എസ് രാജഗോപാല്‍ നല്‍കിയത്. താലൂക്കിലെ മുഴുവന്‍ പഞ്ചായത്തു പ്രസിഡന്റുമാരുടെയും സമാഹരണമായ 10 ലക്ഷം രൂപ അസോസിയേഷന്‍ പ്രസിഡന്റ് കെ. തുളസി ടീച്ചര്‍ നല്‍കി. അങ്കമാലി നഗരസഭ 6,68,000 രൂപയും സ്വര്‍ണ മോതിരവും സഹായമായി നല്‍കി. കുട്ടമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപ നല്‍കി. മറ്റൂര്‍ പി.ഡി.ഡി.പി 10 ലക്ഷം രൂപയും നല്‍കി.
ഇന്നസെന്റ് എം.പി, എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്, റോജി.എം.ജോണ്‍ ഡപ്യൂട്ടി കലക്ടര്‍മാരായ കെ.മധു, കെ.ചന്ദ്രശേഖരന്‍ നായര്‍, തഹസില്‍ദാര്‍ കെ.ടി സന്ധ്യ ദേവി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."