ഇന്ന് കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത
ലണ്ടന്‍: കഴിഞ്ഞ ദിവസം നടന്ന സൈബര്‍ ആക്രമണം 150 ലേറെ രാജ്യങ്ങളിലെ രണ്ട് ലക്ഷം കംപ്യൂട്ടര്‍ ഉപഭോക്താക്കളെ ബാധിച്ചതായി യൂറോപോള്‍ മേധാവി റോബ് വെയിന്റൈറ്റ്. ഇന്ന് രാവിലെയോടെ വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സൈബര്‍ ആക്രമണത്തിന്റെ ഭീഷണിയിലാണ് ഇപ്പോഴുള്ളതെന്നും റോബ് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച ഓഫിസുകളും കമ്പനികളും തുറക്കുമെന്നതിനാല്‍ വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഐ.ടി മേഖലയിലെ വിദഗ്ധരുടെ നിഗമനം. മാല്‍വെയറിന്റെ ഘടന മാറ്റിയശേഷം വീണ്ടും അയച്ചാല്‍ പ്രശ്‌നം രൂക്ഷമാകും.
അതിനിടെ, മാല്‍വെയര്‍ ആക്രമണത്തെ കുറിച്ച് ഇന്ത്യയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ(സി.ഇ.ആര്‍.ടി) യാണ് ജാഗ്രത പുറപ്പെടുവിച്ചത്. ഹാക്കിങ് പ്രതിരോധിക്കാനുള്ള ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയാണ് സി.ഇ.ആര്‍.ടി. ആന്ധ്രാപ്രദേശ് പൊലിസിന്റെ 102 കംപ്യൂട്ടറുകളിലാണ് ഇന്ത്യയില്‍ സൈബര്‍ ആക്രമണമുണ്ടായത്.
ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ തങ്ങള്‍ ഇടപെട്ട് തടഞ്ഞുവെന്നും ഇന്ന് വീണ്ടും ആക്രമണം നടന്നാല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും മാല്‍വെയര്‍ ടെക് അറിയിച്ചു. മാല്‍വെയര്‍ ടെക്കും അമേരിക്കയിലെ 20 എന്‍ജിനീയര്‍മാരും ചേര്‍ന്നാണ് ആക്രമണത്തെ പ്രതിരോധിച്ചത്.
റഷ്യ, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് ആക്രമണം കാര്യമായി ബാധിച്ചത്. റാന്‍സംവെയര്‍ മാല്‍വെയറിന്റെ രണ്ടാം പതിപ്പ് പ്രതിരോധിക്കുക എളുപ്പമാകില്ലെന്നും ഐ.ടി മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ ആക്രമണം 22 കാരനായ ഐ.ടി വിദഗ്ധന്റെ നേതൃത്വത്തിലാണ് പ്രതിരോധിക്കാനായത്.
സൈബര്‍ ആക്രമണത്തിനെതിരേ ആഗോളതലത്തില്‍ 200 പദ്ധതികള്‍ ഓരോവര്‍ഷവും നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള ആക്രമണം ആദ്യമാണ്. ബിസിനസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് മിക്ക ആക്രമണങ്ങളും നടന്നതെന്നും അതില്‍ ചെറുതും വലുതുമായ ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടുവെന്നും യൂറോപോള്‍ മേധാവി പറഞ്ഞു. അതിനിടെ, ആക്രമണത്തിന് ഇരയായവര്‍ തങ്ങളുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് പണം നല്‍കിയെന്ന വിവരം ബി.ബി.സി പുറത്തുവിട്ടു. മൂന്നു അക്കൗണ്ടുകളിലേക്ക് 22,080 യൂറോ നല്‍കിയെന്നാണ് കണ്ടെത്തല്‍. യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്നും യൂറോപോള്‍ മേധാവി പറഞ്ഞു.
1. ഹാക്കര്‍ ഫിഷിങ് ഇ-മെയില്‍ അയച്ചുകൊടുക്കുന്നു. ഔദ്യോഗിക സ്ഥാപനത്തിന്റെ പേരിലോ മറ്റോ വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശത്തോടെയായിരിക്കും മെയില്‍ അയക്കുക.
2. ഹാക്കര്‍ അയച്ച മെയില്‍ സന്ദേശം ഉപയോക്താവിനു ലഭിക്കുന്നു. മെയില്‍ തുറന്ന് ഹാക്കര്‍മാര്‍ നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നു.
3. കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ (മാല്‍വെയറുകള്‍) പണി തുടങ്ങുന്നു.
4. വെബ് സെര്‍വറുകളുമായി മാല്‍വെയറുകള്‍ പ്രവര്‍ത്തിച്ച് പബ്ലിക് കീ ഡൗണ്‍ലോഡ് ചെയ്യുന്നു.
5. പബ്ലിക് കീ ഉപയോഗിച്ച് മാല്‍വെയര്‍ ഉടനെ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നു. എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍ കാണണമെങ്കില്‍ പ്രൈവറ്റ് കീ വേണം.
ഇതോടെ നമ്മുടെ കംപ്യൂട്ടറിലെ വിവരങ്ങളെല്ലാം ലോക്ക് ചെയ്യപ്പെട്ടു. സ്‌ക്രീനില്‍ ഇതു സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഹാക്കര്‍ റാന്‍സം മണി (മോചന ദ്രവ്യം) ആവശ്യപ്പെടുന്നു. ബിറ്റ് കോയിന്‍ (ഡിജിറ്റല്‍ പണം) നല്‍കിയാല്‍ വിവരങ്ങള്‍ തിരിച്ചുനല്‍കാമെന്ന് വാഗ്ദാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."