കരൂര്‍ വാഹനാപകടം; മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും
കാസര്‍കോട്: വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ തമിഴ്‌നാട് കരൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കുടുംബാംഗങ്ങളായ ഏഴു പേരുടേയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ഏഴ് മൃതദേഹങ്ങളും ഇന്നലെ രാവിലെ ആറോടെ മംഗളൂരുവിലെ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് ആംബുലന്‍സുകളിലായാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. കുമ്പള ബന്തിയോട് മണ്ടേക്കാപ്പില്‍ നിന്ന് തീര്‍ഥാടനത്തിനു പോയ ഹൊറാള്‍ഡ് മന്തേരോ (52), ഭാര്യ പ്രസില്ല മന്തേരോ (45), മകന്‍ റോഹിത് മന്തേരോ (22), സഹോദരന്‍മാരായ സത്‌റിന്‍ മന്തേരോ (35), ആല്‍വിന്‍ മന്തേരോ (29), സത്‌റിന്റെ മകള്‍ ഷരോണ (ഏഴ്), മറ്റോരു സഹോദരന്‍ ഡെന്‍സിലിന്റെ ഭാര്യ റീമ (29) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് രണ്ടരയോടെ കയ്യാര്‍ ക്രിസ്തുരാജ ചര്‍ച്ചിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കരിക്കും.
അപകടത്തില്‍ പരുക്കേറ്റ സത്‌റിന്‍ മന്തേരോയുടെ ഭാര്യ ജേഷ്മ (26), മകന്‍ സാന്‍വി (ഒന്നര), ഹൊറാള്‍ഡ് മന്തേരോയുടെ മറ്റൊരു മകന്‍ റോഷന്‍ (20), ആല്‍വിന്റെ ഭാര്യ പ്രീമ (24) എന്നിവര്‍ കരൂര്‍ കുളിത്തലെ ആശുപത്രിയില്‍ ചികിത്സയി ലാണ്. കുടുംബസമേതം മുംബൈയില്‍ സ്ഥിര താമസമാക്കിയ ഹൊറാള്‍ഡ് മന്തേരോയും കുടുംബവും സഹോദരന്‍ ആല്‍വിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കാസര്‍കോട് എത്തിയത്. കഴിഞ്ഞ ആറിന് നടന്ന വിവാഹ ശേഷം വേളാങ്കണ്ണിയിലേക്ക് നടത്തിയ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം.
മന്ത്രി ചന്ദ്രശേഖരന്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു
മഞ്ചേശ്വരം: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ച മഞ്ചേശ്വരം പൈവെളിഗെ ബന്തിയോട് മണ്ടേയ്ക്കാപ്പിലെ വീട് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയ മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കും ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സക്കുമായി അടിയന്തര സഹായം അനുവദിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കായി 70,000 രൂപയും അപകടത്തില്‍ പരുക്കേറ്റ് കാവേരി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ ചികിത്സക്കായി താല്‍ക്കാലിക ധനസഹായമായി രണ്ട് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."