കാണാതായ കമിതാക്കളുടെ മൃതദേഹം കൊച്ചി കായലില്‍
മട്ടാഞ്ചേരി: കാണാതായ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കൊച്ചി കായലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി.
പള്ളിമുക്ക് മില്‍ക്ക് ലൈനില്‍ വെള്ളേപറമ്പില്‍ വീട്ടില്‍ ജയദേവന്റെ മകന് സന്ദീപ്(24), ഇരുമ്പനം കക്കാട്ട് പറമ്പില്‍ പുഷ്പന്റെ മകള്‍ ലയന(18) എന്നിവരുടെ മൃതദേഹങ്ങളാണ് ഫോര്‍ട്ട്കൊച്ചി ആസ്പിന്‍ വാളിന് സമീപം ഫിഷ് ലാന്റിങ് സെന്ററിനടുത്ത കായലില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹം കണ്ടെത്തുമ്പോള്‍ ഇരുവരുടേയും കൈകള്‍ തമ്മില്‍ കറുത്ത ഷാള്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇരുവരേയും കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഹില്‍ പാലസ് പൊലിസ് സ്റ്റേഷനിലും എറണാകുളം സൗത്ത് പൊലിസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം വീട്ടുകാര്‍ വിലക്കിയിരുന്നതായും പറയപ്പെടുന്നു.
ഇതിന്റെ മനോവിഷമത്തില്‍ ഇരുവരും കൈകള്‍ കെട്ടി കായലില്‍ ചാടിയതായിരിക്കാമെന്നാണ് നിഗമനം. ഇരുവരുടേയും മൃതദേഹങ്ങള്‍ മേല്‍നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."