പ്രവേശനോത്സവം യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും ബഹിഷ്‌കരിക്കും: ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും ആറിന് നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍െ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
പൊതു വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരെ രണ്ടു തട്ടിലാക്കുകയും സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലാവാരം തകര്‍ക്കുകയും ചെയ്യുന്ന തുഗ്ലക് പരിഷ്‌ക്കാരമാണിത്.
നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും അധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണന്മാരുമായും ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നിയമസഭയില്‍ ഇത് സംബന്ധിച്ച് അടിയന്തര പ്രമേയം കൊണ്ടുവന്നിട്ടും അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി റിപ്പോര്‍ട്ട് നടപ്പാക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലെ ചെറിയ പരിഷ്‌ക്കാരം പോലും അവധാനതയോടെ വേണം നടപ്പാക്കേണ്ടത്. അല്ലാതെ സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം വച്ച് ചെയ്യേണ്ടതല്ല. സി.പി.എമ്മിന്റെ അധ്യാപക സംഘടനാ നേതാക്കളുടെ താല്‍പര്യ പ്രകാരം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം വിദ്യാര്‍ഥികളോടും സമൂഹത്തോടും ചെയ്യുന്ന അപരാധമാണെന്നും അത് കൊണ്ടാണ് യു.ഡി.എഫ് പ്രവേശനോത്സവം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."