കണ്ണൂരിലെ പരിശീലന കേന്ദ്രങ്ങളെ തടയാനാവാതെ പൊലിസ്
കണ്ണൂര്‍: കൊലക്കത്തി രാഷ്ട്രീയത്തിന് മൂര്‍ച്ചപകരാന്‍ ആയോധനപരിശീലന കേന്ദ്രങ്ങളും കൂട്ടാകുന്നു. ജില്ലയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സെന്ന ഓമനപ്പേരില്‍ പൊട്ടിമുളച്ച പുത്തന്‍ പരിശീലനകേന്ദ്രങ്ങള്‍ കൊലക്കത്തി രാഷ്ട്രീയത്തിനു ദുരുപയോഗം ചെയ്യുന്നുവെന്നാണ് വിവരം.
ഇതു സംബന്ധിച്ചു നേരത്തെ പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുക്കാനായിട്ടില്ല. മതിയായ തെളിവുകള്‍ ലഭിക്കുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇതേകുറിച്ചു പറയുന്നത്. സി.പി. എം, ആര്‍. എസ്. എസ് നേതൃത്വമാണ് കളരി, കരാട്ടെ, ജിംനേഷ്യം എന്നീ ശാരീരികാഭ്യാസങ്ങളുടെ മറവില്‍ ചാവേറുകളെ സൃഷ്ടിക്കുന്നത്.
പാര്‍ട്ടി ക്ലബുകളുടെയും സാംസ്‌കാരികകേന്ദ്രങ്ങളുടെയും മറവിലാണ് ജീവിതശൈലി രോഗങ്ങളെ നേരിടാനുള്ള വ്യായാമമുറകളായി അറിയപ്പെടുന്ന കളരിയും കരാട്ടെയും പഠിപ്പിക്കുന്നത്. സ്വയംപ്രതിരോധമാണ് ലക്ഷ്യമെന്ന് മാത്രം.
തലശേരി താലൂക്കില്‍ മാത്രം നൂറിലേറെ കളരികള്‍ ഇതിനകം പുനരുജ്ജീവിക്കപ്പെട്ടിട്ടുണ്ട്. തച്ചോളി ഒതേനന്റെ സ്മരണകളുറങ്ങുന്ന പൊന്ന്യം ഏഴരക്കണ്ടത്ത് അതിവിപുലമായ കളരിപ്പയറ്റും ഈയിടെ നടന്നു. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പൊന്ന്യം,കിഴക്കെകതിരൂര്‍, കാപ്പുമ്മല്‍, കൂത്തുപറമ്പ് മേഖലകളില്‍ ഇപ്പോള്‍ കളരിസംഘങ്ങള്‍ സജീവമാണ്. കുട്ടികളെയും യുവാക്കളെയും ഉന്നമിടുന്നതാണിത്. എന്നാല്‍ ഇത്തരം കളരികളില്‍ രാഷ്ട്രീയ എതിരാളികളെ വകവരുത്താനുള്ള ആയുധപരിശീലനം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആയുധശേഖരണവും നിശബ്ദമായി കൊലനടത്തേണ്ട വിദഗ്ധ പരിശീലനവുംസാധാരണ പഠിതാക്കളെ ഒഴിവാക്കി രാത്രി ഏറെവൈകിയാണ് നടത്തുന്നത്.
അക്രമവാസനയും നിഷേധാത്മകതയുമുള്ള ആരോഗ്യ ദൃഢഗാത്രരായ യുവാക്കളെയാണ് അക്രമം നടത്തുന്നതിനായി നോട്ടമിടുന്നത്. കൈ, വാള്‍, വടി പ്രയോഗങ്ങളില്‍ മികവു തെളിയിക്കുന്ന ഇവര്‍ ആര്‍. എസ്. എസ് ശാഖകളിലും സി.പി. എം ചെഗുവേര ക്യാംപുകളിലും എത്തിച്ചേരും. ഇതുതിരിച്ചറിഞ്ഞ പരമ്പരാഗത കളരിയാശാന്‍മാരും കരാട്ടെ മാസ്റ്റര്‍മാരും വളരെ സൂക്ഷ്മതയോടുകൂടിയാണ് ഇത്തരം സംഘങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
ആത്മസംയമനവും സഹിഷ്ണുതയുമാണ് ഏതൊരു ആയോധനകലയുടെയും ലക്ഷ്യം. അല്ലാതെ സഹജീവിയുടെ ചോരചിന്തലല്ല. ഇതുതിരിച്ചറിയാത്ത അപക്വമതികളെയാണ് അക്രമങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കണ്ണൂരില്‍ പതിറ്റാണ്ടുകളായി ആയോധനകലപരിശീലിപ്പിക്കുന്ന ഒരു കളരി ഗുരുക്കള്‍ സുപ്രഭാതത്തോട് പറഞ്ഞു.
ജില്ലയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള കേന്ദ്രങ്ങളെക്കാള്‍ പത്തിരട്ടി പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആളൊഴിഞ്ഞയിടങ്ങളിലാണ് ഇവയില്‍ പലതും.ഇവിടെ പഠിക്കുന്നതാരെന്ന കാര്യം പോലും ആര്‍ക്കുമറിയില്ല. പഠിതാക്കളുടെ രജിസ്റ്ററോ മറ്റുവിവരങ്ങളോ ഇല്ലാത്ത പഠനകേന്ദ്രങ്ങളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."