കേന്ദ്രഫണ്ട് ഇനിയും വന്നില്ല; കിണര്‍,കക്കൂസ് നിര്‍മിച്ചവര്‍ കടക്കെണിയില്‍
ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം തൊഴിലുറപ്പ് ജോലിയില്‍ ഉള്‍പ്പെടുത്തി കിണറും കക്കൂസും നിര്‍മ്മിച്ചവര്‍ക്ക് ഇതുവരെ പണം ലഭിച്ചില്ലെന്ന് വ്യാപകമായ പരാതി. കഴിഞ്ഞ വര്‍ഷം ഇരുപത്തിനാല് കക്കൂസുകളും ഇരുപത്തഞ്ചോളം കിണറുകളുമാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചത്.
ഉപഭോക്താവിനെക്കൂടി തൊഴിലുറപ്പില്‍ ലേബറായി ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ചിലര്‍ക്ക് അവരുടെ പണികൂലി മാത്രം ലഭിച്ചു. ലേബര്‍ ഫണ്ടും മെറ്റീരിയല്‍ ഫണ്ടും രണ്ടായിട്ടാണ് അക്കൗണ്ടില്‍ എത്തുന്നത്. ഇത്തരത്തില്‍ ഏഴു ലക്ഷത്തിലധികം മെറ്റീരിയല്‍ ഫണ്ടാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും കുറിച്ചി ഗ്രാമപഞ്ചായത്തിന് ലഭിക്കാനുള്ളത്.ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ചെമ്പുചിറ തോടിനുസമീപം താമസിക്കുന്ന കൈനികരയില്‍ ത്രേസ്യാമ്മ ഇത്തരത്തില്‍ കിണര്‍ കുഴിച്ച ഹതഭാഗ്യയാണ്. 11,000 രൂപ പലിശയ്ക്ക് വാങ്ങിയാണ് കിണറിനുവേണ്ടി ചെലവഴിച്ചത്. ഇവരുടെ കിണര്‍ നിര്‍മ്മാണത്തിന് 28 റിംഗുകള്‍ വേണ്ടിവന്നു. റിംഗിനായി നാല്‍പ്പതിനായിരത്തോളം രൂപ അധികം ചെലവായി. കിണര്‍ കുഴിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും അക്കൗണ്ടില്‍ പണം ലഭിക്കാതെ വന്നതോടുകൂടി റിംഗിന്റെ പണം കിട്ടാതെ കടക്കാര്‍ ബഹളം വെയ്ക്കാന്‍ തുടങ്ങിയതായി വിധവയായ വീട്ടമ്മ പറയുന്നു.
അധികൃതരോട് അന്വേഷിക്കുമ്പോള്‍ ഓണത്തിന് മുന്‍പ് പണം കിട്ടുമെന്ന് അറിയിച്ചിരുന്നെങ്കിലും പണം ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. പണം വരട്ടെ, തരാം എന്നുപറഞ്ഞ് ഓരോ മാസവും തള്ളിവിടുകയാണ് അധികാരികള്‍. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറിച്ചിയില്‍ രണ്ടു റോഡുകളും പണി പൂര്‍ത്തീകരിച്ചിരുന്നു. പണം ലഭിക്കാതെ റോഡ് പണിത കോണ്‍ട്രാക്ടറും ഇപ്പോള്‍ നട്ടം തിരിയുകയാണ്.
കക്കൂസ് നിര്‍മ്മിക്കാനായി വീടൊന്നിന് 12,000 രൂപയാണ് അനുവദിച്ചിരുന്നത്. മുഴുവന്‍ കക്കൂസിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം മാത്രം കിട്ടുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. രാജ്യത്ത് കക്കൂസ് നിര്‍മിക്കാനായാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിക്കാനായി വാഗ്ദാനം ചെയ്ത കാശെങ്കിലും തിരിച്ചു നല്‍കണമെന്ന് സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."