ഗവര്‍ണറെ നീക്കണം: സംഘ്പരിവാര്‍ സംസ്ഥാനഘടകം കേന്ദ്രത്തെ സമീപിച്ചു
തിരുവനന്തപുരം: ഗവര്‍ണര്‍ പി.സദാശിവത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ്, ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു.
കണ്ണൂര്‍ കൊലയുമായി ബന്ധപ്പെട്ട് ബി.ജെ.പി നല്‍കിയ നിവേദനത്തില്‍ നേരിട്ട് നടപടിയെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം കൈമാറിയതാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചത്.
കണ്ണൂരില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നത് ഒ.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സര്‍വകക്ഷി യോഗം ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടും കൊല നടന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടക്കുന്നതെന്നാണ് സംഘ്പരിവാര്‍ പറയുന്നത്. അടിയന്തരഘട്ടങ്ങളില്‍ ചീഫ് സെക്രട്ടറി, പൊലിസ് മേധാവി എന്നിവരെ വിളിച്ചുവരുത്താനും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടാനും അധികാരമുണ്ടായിട്ടും ഗവര്‍ണര്‍ നടപടിയെടുക്കാത്തത് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം ഗവര്‍ണറുടെ നടപടിക്കെതിരേ ബി.ജെ.പി നേതാവ് എം.ടി രമേശ് പരസ്യമായി രംഗത്തെത്തിയതിനുപിന്നാലെ ഇന്നലെ ശോഭാ സുരേന്ദ്രനും ഡല്‍ഹിയില്‍ ശക്തമായി പ്രതികരിച്ചിരുന്നു. ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരമാണ് ഇരുവരും ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തിയത്. കണ്ണൂരില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതല പട്ടാളത്തെ ഏല്‍പ്പിക്കാന്‍ അഫ്‌സ്പ നടപ്പാക്കണമെന്നാണ് സംഘ്പരിവാറിന്റെ ആവശ്യം. ഇതിനാവശ്യമായ ഇടപെടലുകളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് സംഘ്പരിവാര്‍ ആഗ്രഹിച്ചിരുന്നത്. ഗവര്‍ണറുടെ ഇടപെടല്‍ ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമായിചിത്രീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും കഴിയില്ലെന്നാണ് അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
ആക്രമണങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ ക്രമസമാധാനപ്രശ്‌നം സംസ്ഥാനത്തുണ്ടാകുമെന്നും അത്തരം ഘട്ടത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാരിനു പോകേണ്ടിവന്നാല്‍ ഗവര്‍ണറായി സംഘ്പരിവാര്‍ അനുകൂലി വേണമെന്നുമാണ് ആര്‍.എസ്.എസ് നേതൃത്വം ആഗ്രഹിക്കുന്നത്.
സദാശിവത്തെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറാക്കിയത് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."