ബിജുവധം: പ്രതികളെ തിരിച്ചറിഞ്ഞു മൂന്നുപേര്‍ കസ്റ്റഡിയില്‍, ഇന്നോവ കാര്‍ കണ്ടെത്തി
പയ്യന്നൂര്‍: ആര്‍.എസ്.എസ് നേതാവ് ചൂരിക്കാടന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികളില്‍ മൂന്നുപേര്‍ കസ്റ്റഡിയിലാണെന്നാണ് സൂചന.
പയ്യന്നൂര്‍ രാമന്തളി സ്വദേശികളായ അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊലയ്ക്കുപിന്നിലെന്ന് അന്വേഷണസംഘം പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍.
സുഹൃത്ത് രാജേഷ് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കിടിച്ചുവീഴ്ത്തിയശേഷമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇന്നലെ രാവിലെ പയ്യന്നൂരിനടുത്ത മണിയറയില്‍നിന്ന് പൊലിസ് പട്രോളിങ് സംഘം കണ്ടെത്തി.
പൊലിസിനെ കണ്ടയുടന്‍ ഡ്രൈവര്‍ വാഹനംഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടുംമുന്‍പ് ഇയാള്‍ കാറില്‍ മുളകുപൊടിവിതറിയതായും പൊലിസ് പറഞ്ഞു. വാടകയ്‌ക്കെടുത്ത കാറാണിതെന്ന് വ്യക്തമായിട്ടുണ്ട്.ഇന്നോവയുടെ ആര്‍.സി ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നാണ് കൊലയാളിസംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കൊലയ്ക്കുപയോഗിച്ച കാര്‍ തന്നെയാണിതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. കാറിന്റെ ചില്ലില്‍ പതിച്ച സ്റ്റിക്കറില്‍നിന്നാണ് കാര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് മംഗളൂരില്‍നിന്ന് മടങ്ങുംവഴി രാമന്തളി മുട്ടം പാലത്തിനു സമീപംവച്ച് ബിജു കൊല്ലപ്പെടുന്നത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രാജേഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏഴംഗമുഖംമൂടി സംഘത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചത്.
പിടിയിലായവര്‍ സജീവ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് പൊലിസ് നല്‍കുന്നവിവരം. കഴിഞ്ഞ ജൂലൈയില്‍ പയ്യന്നൂര്‍ കുന്നരുവില്‍ സി.വി ധനരാജെന്ന സി.പി.എം പ്രവര്‍ത്തകനെ കൊല ചെയ്ത വൈരാഗ്യമാണ് ബിജുവിനെ അക്രമിക്കാന്‍ കാരണമെന്ന് തെളിഞ്ഞിട്ടുണ്ട്. ധനരാജ് വധക്കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ബിജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."