തീരദേശങ്ങളില്‍ സപ്ലൈകോയുടെ 'തീരമാവേലി' പദ്ധതി
തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ 'തീരമാവേലി' പദ്ധതി നടപ്പാക്കാന്‍ സപ്ലൈകോ ഒരുങ്ങുന്നു. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികദിനം പദ്ധതി പ്രഖ്യാപിക്കും. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യത്തൊഴിലാളി വനിതാ സ്വയംസഹായ സംഘങ്ങള്‍ നടത്തുന്ന തീരദേശ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സപ്ലൈകോ ഉല്‍പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
തീരമാവേലി സ്റ്റോറുകള്‍ വരുന്നതോടെ തീരദേശ നിവാസികള്‍ക്ക് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും. തീരമാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഷോപ്പുകളിലും നാടന്‍ പച്ചക്കറികള്‍, പാല്‍, മത്സ്യം, മാംസം എന്നിവ സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 13 സബ്‌സിഡി ഇനങ്ങളാണ് 1,500ഓളം വരുന്ന സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നത്.
ഈ സര്‍ക്കാര്‍ വന്നതിനുശേഷം 11 മാവേലി സ്റ്റോറുകളും ഒരു മാവേലി മെഡിക്കല്‍ സ്റ്റോറും പുതുതായി ആരംഭിച്ചു. കൂടാതെ 6 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായും ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പീപ്പിള്‍സ് ബസാറായും ഉയര്‍ത്തി. ഈ സാമ്പത്തിക വര്‍ഷം 31 പഞ്ചായത്തുകളില്‍കൂടി മാവേലി സ്റ്റോറുകള്‍ ആരംഭിക്കും.
പത്തനംതിട്ടയിലെ കോന്നിയില്‍ ആരംഭിച്ച ഭക്ഷ്യഗവേഷണ വികസന കൗണ്‍സിലിന്റെ കീഴില്‍ ഭക്ഷ്യപാര്‍ക്ക്, ഭക്ഷ്യസുരക്ഷാ സര്‍വേ, മിനിഫുഡ് ബിസിനസ്, ഇന്‍ക്യുബേഷന്‍ സെന്റര്‍, ഔഷധ ഗുണപരിശോധനാ ലബോറട്ടറി, ശീതീകരണ സംഭരണി, പച്ചക്കറി, പഴവര്‍ഗങ്ങളുടെ നിര്‍ജ്ജലീകരണ യൂണിറ്റ് എന്നിവ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."