ഭാഷ പഠിക്കാന്‍ ആളുകളുടെ ഒഴുക്ക്
മലപ്പുറം: തെറ്റില്ലാതെ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സാക്ഷരതാ മിഷന് ആരംഭിച്ച മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പഠന കോഴ്സുകളില്‍ പഠിതാക്കള്‍ വര്‍ധിക്കുന്നു. പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് കോഴ്സുകളാണ് നിലവില്‍ രണ്ടു ബാച്ചുകള്‍ പിന്നിടുന്നത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശന നടപടികളും തുടങ്ങി. സംസ്ഥാനത്ത് 9,820 പേരാണ് നിലവില്‍ മൂന്നു കോഴ്സുകളിലുമായി പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ ബാച്ചിനേക്കാള് അഞ്ചിരട്ടി പഠിതാക്കളാണ് നിലവില്‍ പരീക്ഷക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച ഈ ബാച്ചിന്റെ പരീക്ഷ അടുത്തയാഴ്ചയാണ്.
ഗുഡ് ഇംഗ്ലീഷ് 6,020, പച്ചമലയാളം 2,200, അച്ഛീ ഹിന്ദി 1,600 എന്നിങ്ങനെയാണ് നിലവില്‍ പഠിതാക്കളുടെ എണ്ണം. തിരുവനന്തപുരം ജില്ലയിലാണ് മൂന്ന് കോഴ്സുകളിലും ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഗുഡ് ഇംഗ്ലീഷ് 1,114, പച്ചമലയാളം 620, അച്ഛീ ഹിന്ദി 412 എന്നിങ്ങനെയാണ് തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്. ആദ്യബാച്ചില്‍ യഥാക്രമം 996, 688, 334 എന്നിങ്ങനെയായിരുന്നു രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം. കഴിഞ്ഞ ജൂണില്‍ 2,018 പേരാണ് ആദ്യബാച്ച് പൂര്‍ത്തിയാക്കിയത്.
എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ, 17 വയസ് പ്രായമായവര്‍ക്കാണ് സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്സുകളില്‍ പ്രവേശനം നല്‍കുന്നത്. അതോടൊപ്പം ഔപചാരിക തലത്തില്‍ എട്ട് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രായപരിധിയില്ലാതെ പ്രവേശനം നല്‍കുന്നതാണ് നാലു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പഠിതാക്കളില്‍നിന്ന് 2000 രൂപ കോഴ്സിനും 500 രൂപ രജിസ്ട്രേഷനും ഫീസായി ഈടാക്കുന്നുണ്ട്.
സാക്ഷരതാ മിഷന്റെ പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ്, എട്ടു മുതല്‍ പ്ലസ്ടു വരെ വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്ന് കോഴ്സ് ഫീസ് മാത്രം ഈടാക്കുന്നു. 20 പേര് രജിസ്റ്റര്‍ ചെയ്ത സ്കൂളുകളില്‍ ഇതിനു സമ്പര്‍ക്ക പഠനകേന്ദ്രം അനുവദിച്ചു വരുന്നുണ്ട്. സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സ് പഠിതാക്കള്‍ക്ക് ശനിയാഴ്ചകളിലും മറ്റുള്ളവര്‍ക്ക് ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണ് ആറു മണിക്കൂര്‍ ക്ലാസ്. അടുത്ത ബാച്ചിലേക്കുള്ള രജിസ്ട്രേഷന് ഈമാസം 15 വരെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."