എസ്.ബി.ഐ നിര്‍ദേശം; സ്‌കോളര്‍ഷിപ്പ് അക്കൗണ്ട് ഉടമകള്‍ക്കും തിരിച്ചടി
പെരുമ്പാവൂര്‍: എസ്.ബി.ഐയുടെ പുതിയ നിര്‍ദേശം സ്‌കോളര്‍ഷിപ്പിനായി അക്കൗണ്ട് തുടങ്ങിയവര്‍ക്കും തിരിച്ചടി. അക്കൗണ്ടില്‍ മിനിമം 2,000 രൂപ വേണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ബാങ്ക് അധികൃതര്‍ അക്കൗണ്ട് ഉടമകളെ അറിയിച്ചുതുടങ്ങി.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് സ്‌കാളര്‍ഷിപ്പ് ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് നിര്‍ദേശിച്ചത്. തുടക്കത്തില്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച രക്ഷിതാക്കള്‍ കുട്ടികളെ നോമിനികളാക്കി ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിച്ചു. പിന്നീടാണ് കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങണമെന്ന് നിര്‍ദേശിച്ചത്. നേരത്തേ പ്രധാനാധ്യാപകര്‍ വഴിയാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് അക്കൗണ്ടുകള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചത്. പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന 1,000 രൂപയുടെ സ്‌കോളര്‍ഷിപ്പാണ് പ്രധാനമായും അക്കൗണ്ടുകള്‍വഴി ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന മറ്റ് സ്‌കോളര്‍ഷിപ്പുകളും ഇത്തരത്തില്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രതിവര്‍ഷം 1,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ 2,000 രൂപ മിനിമം ബാലന്‍സ് വേണമെന്ന നിര്‍ദേശം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. ഇനിമുതല്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഇല്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍ 70 ശതമാനവും സീറോ ബാലന്‍സ് അക്കൗണ്ട് എടുത്തിരിക്കുന്നത് എസ്.ബി.ഐയിലാണ്. നേരത്തേ എസ്.ബി.ടിയിലായിരുന്ന അക്കൗണ്ടുകള്‍ ബാങ്ക് ലയനത്തോടെ എസ്.ബി.ഐയിലേക്ക് മാറുകയായിരുന്നു.
അതിനിടെ, 2,000 രൂപ മിനിമം ബാലന്‍സ് വേണമെന്ന നിര്‍ദേശം പ്രതിഷേധാര്‍ഹമെന്ന് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ അജ്മല്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പ് കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കാത്ത നിലയിലേക്ക് ഇതു മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."