ക്ലാസില്‍ സാറില്ലെന്ന് കേള്‍ക്കേണ്ടി വരില്ല...
മലപ്പുറം: ക്ലാസില്‍ സാറില്ലെന്ന പതിവു പല്ലവി ഇനി കേള്‍ക്കേണ്ടി വരില്ല. പഠിക്കാന്‍ കുട്ടികളുണ്ടെങ്കിലും പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത പൊതുവിദ്യാലയങ്ങളിലെ അവസ്ഥക്ക് ഇത്തവണ മാറ്റമുണ്ടാകും.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ക്ലാസ് മുറികള്‍ ഒഴിഞ്ഞുകിടക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ടു. പുതിയ അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 30 ദിവസത്തിലേറെ ദൈര്‍ഘ്യമുള്ള ഒഴിവുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
കെ ടെറ്റ് യോഗ്യത നേടിയവരെയോ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇതില്‍നിന്ന് ഇളവു ലഭിച്ചിട്ടുള്ളവരെയോ ആണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കേണ്ടത്. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കാം. പി.എസ്.സി നിയമനം വൈകുന്നതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലടക്കം കഴിഞ്ഞ വര്‍ഷം അധ്യാപകരില്ലാത്ത അവസ്ഥയുണ്ടായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം അധ്യാപകരില്ലാതെ ക്ലാസുകള്‍ ഒഴിഞ്ഞുകിടക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. വിവിധ ജില്ലകളിലായി ആയിരക്കണക്കണക്കിനു പേര്‍ക്കാണ് ഇക്കുറി പി.എസ്.സി വഴി അധ്യാപക നിയമനം ലഭിച്ചത്. ഇതിനുശേഷവും ജില്ലകളില്‍ ഒഴിവുകളുണ്ടാകും. ഇതിലേക്ക് പി.എസ്.സി നിയമനം നടക്കുന്നതുവരെയുള്ള താല്‍ക്കാലിക നിയമനത്തില്‍ നിലവില്‍ റാങ്ക് ലിസ്റ്റിലോ ഷോര്‍ട്ട് ലിസ്റ്റിലോ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചാല്‍ മുന്‍ഗണന നല്‍കണം.
അതേസമയം പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതു മൂലമുള്ള ഒഴിവുകള്‍ (എച്ച്.ടി.വി), ലോങ് ലീവ് ഒഴിവുകള്‍ എന്നിവയില്‍ സംസ്ഥാനത്തെ പ്രൊട്ടക്ടട് അധ്യാപകരെ നിയമിക്കണമെന്ന് കെ.ഇ.ആര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിലേക്ക് പ്രൊട്ടക്ടട് അധ്യാപകരെ ലഭ്യമാകാത്തതിനാല്‍ ക്ലാസില്‍ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടായിരുന്നു.
ഈ ഒഴിവുകളിലും ഇക്കുറി താല്‍ക്കാലിക നിയമനം നടത്താം. 1:1 എന്ന അനുപാതത്തില്‍ പ്രൊട്ടക്ടട് അധ്യാപകരെ നിയമിക്കുന്നതിനുള്ള ഒഴിവുകളിലും ഇവരെ പുനര്‍വിന്യസിക്കുന്നതുവരെ ദിവസവേതന വ്യവസ്ഥയില്‍ അധ്യാപക നിയമനം ആകാം. പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ദിവസം 915 രൂപയും (മാസം പരമാവധി 26,550 രൂപ), ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രതിദിനം 1050 രൂപയും (പ്രതിമാസം പരമാവധി 30,450 രൂപ), പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ഭാഷാധ്യാപകര്‍ക്ക് ദിവസം 725 രൂപയും (പരമാവധി 20,300), പ്രൈമറി സ്‌കൂള്‍ പാര്‍ട്ട് ടൈം ഭാഷാധ്യാപകര്‍ക്ക് ദിവസം 700 രൂപയും (പരമാവധി 18,900) ആണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
സ്‌കൂള്‍ തുറക്കുമ്പോള്‍ സംസ്ഥാനത്തെ ഒരുസ്‌കൂളിലും അധ്യാപകരില്ലാത്ത അവസ്ഥയുണ്ടാകരുത്. ഇതിനായി ദിവസവേതനക്കാരെ നിയമിക്കുന്നതിന് പ്രഥമാധ്യാപകര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."