ഇത് മറുനാട്ടുകാരുടെ സ്വന്തം സ്‌കൂള്‍
കണ്ണൂര്‍: സംസ്ഥാനത്ത് നാളെ സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷമായി മാറുമ്പോള്‍ ചുരുക്കം മലയാളി കുട്ടികള്‍ക്കും ഭൂരിഭാഗം ഇതരഭാഷാ തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രയമായി മാറുകയാണ് കണ്ണൂരിലെ ദേവത്താര്‍ക്കണ്ടി യു.പി സ്‌കൂള്‍. ഇവിടെ ഒന്നാം ക്ലാസില്‍ ഒരു മലയാളി കുട്ടി പോലുമില്ല. നഗരഹൃദയത്തിലെ എസ്.എന്‍ പാര്‍ക്കിനു സമീപമുള്ള വിദ്യാലയത്തില്‍ ആകെ 50 വിദ്യാര്‍ഥികളാണുള്ളത്.
ഇത്തവണ പുതുതായി എത്തിയത് 10 കുട്ടികള്‍ മാത്രം. മൂന്ന്, അഞ്ച്, ആറ് എന്നീ ക്ലാസുകളില്‍ പുതുതായി ഓരോ മലയാളി കുട്ടികളടക്കം 10 മലയാളികള്‍ മാത്രമാണ് സ്‌കൂളിലുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭൂരിഭാഗം പേരും സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികളുടെ പ്രവേശനം ഉറപ്പാക്കിയെങ്കിലും ഈ സ്‌കൂള്‍ വര്‍ഷങ്ങളായി മലയാളികള്‍ മറന്ന മട്ടാണ്. താളിക്കാവ്, പടന്നപ്പാലം, പാറക്കണ്ടി പ്രദേശത്തെ താമസക്കാരായ രാജസ്ഥാന്‍, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മക്കളാണ് ഇവിടെ വിദ്യനുകരാന്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ സ്വന്തം ഇഷ്ടപ്രകാരം തങ്ങളുടെ മക്കളെ ഇവിടെ ചേര്‍ക്കുകയായിരുന്നു. പിന്നീട് അവരിലൂടെ മറ്റ് ഇതര സംസ്ഥാന തൊഴിലാളികളും സ്വമേധയാ മക്കളെ വിദ്യാലയത്തിലേക്ക് എത്തിച്ചു. നഗരത്തില്‍ കുട നിര്‍മാണം, കെട്ടിട നിര്‍മാണം, ട്രെയിനില്‍ കച്ചവടം തുടങ്ങിയ ജോലി ചെയ്യുന്നവരുടെ മക്കളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ എട്ട് കുട്ടികളില്‍ ഒരു മലയാളി കുട്ടി മാത്രമായിരുന്നു. അതിന് മുന്‍ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശിച്ച നാല് കുട്ടികളും ഇതരഭാഷാ തൊഴിലാളികളുടെ മക്കളാണ്.
1874ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 88 കുട്ടികളാണു പഠിച്ചത്. ഇത്തവണ യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് സ്‌കൂളിലെ രാജസ്ഥാന്‍ സ്വദേശി സുബ്രജ്യോതിക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള സഹായം ലഭിക്കുന്നില്ല. സ്ഥലവും കെട്ടിടവും ഏറ്റെടുക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി അധികൃതരോട് പറയുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടായതിനാല്‍ തദ്ദേശ സ്ഥാപനങ്ങളും കൈമലര്‍ത്തുകയാണ്. ഒരു വലിയ ഹാളില്‍ ക്ലാസുകള്‍ തിരിച്ചാണ് ഇപ്പോള്‍ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ നടത്തിയതും പരാജയപ്പെട്ടുവെന്ന് ഈ വര്‍ഷം വിരമിച്ച പ്രധാനാധ്യാപകനായ എം. ബാലകൃഷ്ണന്‍ പറയുന്നു. പ്രധാനാധ്യാപിക റീനാ ജോസഫും എട്ട് അധ്യാപകരും ഒരു ജീവനക്കാരനും മാത്രമാണ് ഇവിടെയുള്ളത്. ഇതരസംസ്ഥാനത്തെ കുട്ടികള്‍ക്കായി ഭാഷപരമായ സൗകര്യം ഒരുക്കുന്നത് വിദ്യാലയത്തിലെ ഹിന്ദി അധ്യാപികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."