ഇത് കഠിനാധ്വാനിയായ സലാമത്ത് കല്‍പ്പറ്റയുടെ ജീവിതം
ഏതൊരാളുടെ ജീവിതത്തിലും മറ്റുള്ളവരില്‍ നിന്നും അവരെ വ്യത്യസ്തരാക്കുന്ന ചില നല്ല ഗുണങ്ങള്‍ ഉണ്ടാവും.
സലാമത്ത് കല്‍പ്പറ്റ എന്ന പേര് വയനാട്ടുകാര്‍ക്കേറെ കണ്ടുപരിചയമുള്ള പേരാവും. കല്‍പ്പറ്റ ബത്തേരി റൂട്ടിലെ പോസ്റ്റുകളിലും ചുമരുകളിലും മഴ,ഇടി,മിന്നല്‍, കാറ്റ് എന്നൊക്കെ ചോക്കുകൊണ്ടെഴുതി അതിനടിയില്‍ സലാമത് കല്‍പ്പറ്റ എന്ന ഈ പേരും കാണാം. കടകളില്‍ കയറി ചൂടുവെള്ളം ആവശ്യപ്പെട്ട് അതില്‍ കൈയില്‍ കരുതിയ ചായപ്പൊടിയും പഞ്ചസാരയുമിട്ട് ചായ കുടിക്കുന്ന സലാംക്ക, കാഴ്ച്ചയില്‍ ഒരു യാചകന്റെ രൂപമാണെങ്കിലും ആരോടുമൊന്നും യാചിച്ച് വാങ്ങാറില്ല.
പ്രത്യേക രീതിയില്‍ കെട്ടിയുണ്ടാക്കിയ തന്റെ സൈക്കിള്‍വണ്ടി പ്രയാസപ്പെട്ട് ഉന്തിത്തള്ളി കിലോമീറ്ററുകള്‍ അദ്ദേഹം സഞ്ചരിക്കും. വഴി വക്കില്‍ ഉപേക്ഷിച്ച വേസ്റ്റ് കുപ്പികളും പഴയവസ്തുക്കളം ഈ വണ്ടിയില്‍ നിറച്ച് കാക്കവയലിനടുത്ത് ഹൈവേയോട് ചേര്‍ന്ന് താന്‍ കെട്ടിയുണ്ടാക്കിയ കൂടാരത്തില്‍ അവ എത്തിച്ച് തരംതിരിച്ച് ചാക്കുകളിലാക്കി വിറ്റാണ് ഇദ്ദേഹത്തിന്റെ ജീവിതം.
മീനങ്ങാടി, കാക്കവയല്‍, മുട്ടില്‍, കല്‍പ്പറ്റ ടൗണുകളെ വൃത്തിയോടെ കൊണ്ടുനടക്കുന്നതില്‍ ഈ ചെറിയ മനുഷ്യന് വലിയ പങ്കുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്.
മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പിലും ജൂണ്‍ ജൂലൈ മാസത്തിലെ മഴക്കാലത്തും റോഡിനോട് ചേര്‍ന്നുള്ള ഈ ഷെഡ് തന്നെയാണ് ഇദ്ദേഹം അന്തിയുറങ്ങുന്ന കൂരയും.
ഒരിക്കല്‍ പത്രത്തില്‍ അദ്ദേഹത്തെക്കുറിച്ചൊരു ചെറിയ ഫീച്ചര്‍ ചെയ്യാനായി ഞാന്‍ ആ കൂരയില്‍ ചെന്നപ്പോള്‍ പഴയത് അടുക്കുന്ന തിരക്കിലായിരുന്നു. ഞാന്‍ തിരക്ക് പിടിച്ച പണിയിലാണെന്നും അതൊന്നും ഇപ്പോള്‍ വേണ്ടെന്നും പറഞ്ഞ് മടക്കിയയച്ചു.
കുടുംബമോ ബന്ധുക്കളോ ഒന്നുമില്ലാതെ തനിച്ചുള്ള അദ്ദേഹത്തിന്റെ ജീവിതം പോസ്റ്റായ പോസ്റ്റുകളിലും മറ്റും തന്റെ അറിവുപയോഗിച്ച് പുതുതലമുറക്ക് പ്രകൃതിയേയും മഴയേയും ഓര്‍മ്മപ്പെടുത്തി കാഴ്ചയില്‍ ഏറെ കൗതുകം സൃഷ്ടിച്ച് കഠിനാധ്വാനത്തിലൂടെ ഇന്നും സലാംക്ക ദിനങ്ങള്‍ തളളിനീക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."