ആത്മചൈതന്യത്തിന്റെ പെരുന്നാള്‍
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി മുസ്‌ലിം ലോകം ഈദുല്‍ ഫിത്വ്ര്! ആഘോഷിക്കുകയാണ്. മുസ്‌ലിം സമൂഹത്തിന് അനുവദിച്ച രണ്ട് ആഘോഷ ദിനങ്ങളില്‍ ഒന്നാണ് ഈദുല്‍ ഫിത്വര്‍. ഫിത്വ്ര്! സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത് കൊണ്ടാണ് ഈ ദിവസത്തിന് ഈദുല്‍ ഫിത്വ്ര്! എന്നു നാമകരണം ചെയ്യാന്‍ കാരണം. അന്നേ ദിവസത്തെ പ്രധാന കര്‍മവും ഫിത്വ്ര്! സകാത് തന്നെ. തനിക്കും താന്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍ ദിവസത്തിലെ ഭക്ഷണം, വസ്ത്രം എന്നിവ കഴിച്ച് ബാക്കിയുള്ളവന് ഫിത്വ്ര്! സകാത് കൊടുക്കല്‍ നിര്‍ബന്ധമാണ്.
ഇസ്‌ലാമിന്റെ സാമൂഹ്യവ്യവസ്ഥിതി ഉയര്‍ത്തിക്കാട്ടുന്ന ഒരു കര്‍മമാണ് ഫിത്വ്ര്! സകാത്. കാരണം ആഘോഷ ദിവസമായ പെരുന്നാളില്‍ ഒരുവിശ്വാസിയും പട്ടിണി കിടക്കരുതെന്നാണ് ഇസ്‌ലാം നല്‍കുന്ന സന്ദേശം. ദരിദ്രരും ധനികരും തമ്മിലുള്ള സ്‌നേഹബന്ധം ഇതിലൂടെ ഊട്ടിയുറപ്പിക്കാനുമാകും. മനുഷ്യഹൃദയങ്ങള്‍ തമ്മില്‍ നന്മകള്‍ കൈമാറുന്നതിലൂടെ സാമൂഹ്യബന്ധങ്ങളും സുശക്തമാവുമെന്ന മഹത്തായ സന്ദേശമാണ് ഇസ്‌ലാം ഇതിലൂടെ നല്‍കുന്നത്. അതിലുപരിയായി മനുഷ്യമനസിനെ സംസ്‌കരിക്കാനും സകാത്ത് കാരണമാവുമെന്നത് കൊണ്ടാണ് അല്ലാഹു പ്രഖ്യാപിച്ചത്: ' പ്രവാചകരേ, അവരുടെ ധനങ്ങളില്‍ നിന്ന് നിര്‍ബന്ധദാനം നീ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതാണ് (തൗബ: 103).
ഒരു മാസക്കാലം തന്റെ അടിമകള്‍ ചെയ്ത ഇബാദത്തുകളിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ അല്ലാഹു നല്‍കിയ അവസരം കൂടിയാണ് ഫിത്വ്ര്! സകാത്ത്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ചെറിയ പെരുന്നാള്‍, ആഘോഷം എന്നതിലുപരി ഒരു ആരാധനയാണ്. ഈദുല്‍ ഫിത്വ്ര്! ദിവസം അല്ലാഹു മലക്കുകളെ വിളിച്ചുകൊണ്ട് പറയും: 'നിങ്ങള്‍ എന്റെ അടിമകളിലേക്ക് നോക്കുക, അവരോട് ഞാന്‍ ഒരുമാസക്കാലം നോമ്പനുഷ്ഠിക്കാന്‍ പറഞ്ഞു. അവര്‍ നോമ്പനുഷ്ഠിച്ചു. ഇന്ന് അവരോട് നോമ്പ് മുറിക്കാന്‍ പറയുകയും പള്ളിയില്‍ വന്ന് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കാനും പറഞ്ഞു, അവരതു ചെയ്തു. അതുകൊണ്ടു തന്നെ അവര്‍ക്ക് ഞാന്‍ അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുത്തിരിക്കുന്നു'.
സത്യവിശ്വാസിക്ക് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള വേളയാണ് പെരുന്നാള്‍. അല്ലാഹുവിന്റെ പ്രീതിക്കായി സമര്‍പ്പിതരായ വിശ്വാസികള്‍ക്ക് ഇതു സന്തോഷത്തിന്റെ വേളയാണ്. ആത്മീയ ചൈതന്യത്തോടെ അത് ആഘോഷപൂര്‍ണമാക്കുക വിശ്വാസിയുടെ കടമയാണ്.
മലിനതകളില്‍ നിന്ന് വിശുദ്ധിയിലേക്ക് നമ്മെ പാകപ്പെടുത്തുകയായിരുന്നു റമദാന്‍. അതിനാവശ്യമായ പരിശീലനമായിരുന്നു വ്രതകാലത്ത് നാം ആര്‍ജിച്ചെടുത്തത്. അത് തുടര്‍ജീവിതത്തില്‍ പുലര്‍ത്താന്‍ നമുക്ക് സാധിക്കണം. റമദാനിന്റെ മുമ്പ് ഉണ്ടായിരുന്ന താളഭംഗം സംഭവിച്ച ജീവിത ചിട്ടകളിലേക്ക് നാം ഒരിക്കലും മടങ്ങരുത്. റമദാനിന് മുമ്പ് ഉണ്ടായിരുന്ന പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണെങ്കില്‍ അതിനര്‍ഥം ഒരു മാസത്തെ പരിശീലനം കൊണ്ട് നമുക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ്. റമദാന്‍ അവനില്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെങ്കില്‍ അവന്റെ ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം വ്യര്‍ഥമായെന്നര്‍ഥം.
റമദാന്‍ സഹാനുഭൂതിയുടെ മാസമായിരുന്നു. അത് തുടരാനുള്ളതാണ്. ഈദുല്‍ ഫിത്വ്ര്! ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. പരസ്പര സാഹോദര്യവും സ്‌നേഹവും പങ്കുവയ്ക്കുകയും കുടുംബ, അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യാനുള്ള വേളയാണ് പെരുന്നാള്‍. പെരുന്നാളിന്റെ സന്തോഷത്തില്‍ എല്ലാവരെയും പങ്കാളികളാക്കാനും ആസ്വദിക്കാനും സാധിക്കണം. സ്‌നേഹവും കരുണയും പകര്‍ന്നു സുകൃതങ്ങളുടെ ഈ ആഘോഷ വേളയെ അല്ലാഹുവിന്റെ പൊരുത്തത്തിലായി വിനിയോഗിക്കുക.
സഹജീവി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം കൂടിയാകണം നമ്മുടെ ആഘോഷങ്ങള്‍. ആര്‍ഭാടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണം. രോഗികള്‍ക്ക് ആശ്വാസമെത്തിക്കണം. ഒരിക്കല്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുന്നതിനായി പള്ളിയിലേക്കു പോകുന്ന പ്രവാചകന്‍ വഴിയരികില്‍ ഒരു കുട്ടി കരയുന്നതായി കണ്ടു. പ്രവാചകന്‍ കുട്ടിയോട് കാര്യമന്വേഷിച്ചു. തനിക്ക് മറ്റുള്ള കുട്ടികളെപ്പോലെ അണിഞ്ഞൊരുങ്ങാനും അവരെപ്പോലെ പിതാവിന്റെ കൈപിടിച്ച് പള്ളിയില്‍ വരാനുമൊക്കെ ആഗ്രഹമുണ്ട്. എന്നാല്‍ തനിക്ക് വസ്ത്രങ്ങളില്ല, പിതാവുമില്ലെന്ന് കുട്ടി പ്രവാചകനോട് പറഞ്ഞു. നീ വിഷമിക്കേണ്ട, ഇന്നു മുതല്‍ നിന്റെ പിതാവ് താനാണെന്ന് പറഞ്ഞ് പ്രവാചകന്‍ ആ പിഞ്ചുബാലനെ സമാധാനിപ്പിച്ചു. ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പുതുവസ്ത്രങ്ങള്‍ അണിയിപ്പിച്ചു. കുട്ടിയുടെ കൈകള്‍പിടിച്ച് പള്ളിയിലേക്ക് വന്നു. ഇതാണ് നമുക്ക് മാതൃകയാക്കേണ്ടത്.
പെരുന്നാളിന് തക്ബീര്‍ ശക്തിയായ സുന്നത്തുണ്ട്. രണ്ടുവിധം തക്ബീറുകളാണ് പെരുന്നാളുകളോട് അനുബന്ധിച്ച് ഉള്ളത്. ഒന്ന്: തക്ബീര്‍ മുര്‍സല്‍. എല്ലാ സമയത്തും സുന്നത്തുള്ള തക്ബീറാണിത്. ഇരു പെരുന്നാളിലും ഇങ്ങനെ തക്ബീര്‍ ചൊല്ലുന്നത് വളരെ പുണ്യമുള്ളതാണ്. പെരുന്നാളിന്റെ തലേദിവസം സൂര്യന്‍ അസ്തമിച്ചത് മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതുവരെയാണിതിന്റെ സമയം.
രണ്ട്: തക്ബീര്‍ മുഖയ്യദ്. അറഫാ ദിവസം സുബ്ഹ് നിസ്‌കരിച്ചതു മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിവസത്തിലെ അസ്വ്‌റ് നിസ്‌കാരം വരെയുള്ള എല്ലാ നിസ്‌കാരങ്ങളുടെയും ഉടനെ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. നിസ്‌കാരശേഷം മാത്രം ചൊല്ലുന്ന ഇത് ബലിപെരുന്നാളില്‍ മാത്രമേ സുന്നത്തുള്ളൂ. അതുകൊണ്ടുതന്നെ ബലിപെരുന്നാളില്‍ നിസ്‌കാരാനന്തരം മറ്റു ദിക്‌റുകള്‍ക്ക് മുമ്പാണ് തക്ബീര്‍ ചൊല്ലേണ്ടത്. ചെറിയ പെരുന്നാളിന് നിസ്‌കാരത്തിന് ശേഷവും. ചെറിയ പെരുന്നാളില്‍ പെരുന്നാള്‍ രാവിലെ മഗ്രിബ് മുതല്‍ പെരുന്നാള്‍ നിസ്‌കാരം തുടങ്ങുന്നതുവരെ മുഴുവന്‍ സമയങ്ങളിലും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ് (തുഹ്ഫ).
പെരുന്നാളാഘോഷങ്ങള്‍ ഇസ്‌ലാമിന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകള്‍ക്കുള്ളതാണ്. അതില്‍ പേക്കൂത്തുകള്‍ക്കും വൃത്തികേടുകള്‍ക്കും സ്ഥാനമേതുമില്ല. തികച്ചും ആത്മീയമായൊരു ആഘോഷമാണ് പെരുന്നാളാഘോഷം കൊണ്ട് അര്‍ഥമാക്കപ്പെടുന്നത്.
പുതുവസ്ത്രങ്ങളണിഞ്ഞതു കൊണ്ട് മാത്രം ഈദ് ഈദായി മാറുന്നില്ല. സുഗന്ധദ്രവ്യങ്ങള്‍ പൂശിയതുകൊണ്ട് മാത്രം പെരുന്നാളിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നില്ല. പ്രത്യുത, തദനുസൃതമായ ആത്മീയ ചൈതന്യവും ഉള്‍ചേര്‍ന്നാല്‍ മാത്രമേ ഇസ്‌ലാമിന്റെ വീക്ഷണമനുസരിച്ച് പെരുന്നാള്‍ അതിന്റെ ഉദ്ദിഷ്ട ലക്ഷ്യത്തിലെത്തുകയുള്ളൂ.
ഒരു മാസക്കാലത്തെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത ചൈതന്യം നഷ്ടപ്പെടുത്താതെ ഇനിയുള്ള ജീവിതം മുന്നോട്ടുകൊണ്ടു പോകുമെന്നുള്ള ദൃഢപ്രതിജ്ഞയാണ് പെരുന്നാള്‍ സുദിനത്തില്‍ നാം എടുക്കേണ്ടത്. പാപപങ്കിലമായ ഒരു ജീവിതത്തെ റമദാനിലെ വിശുദ്ധമായ പകലിരവുകളില്‍ കണ്ണീരുകൊണ്ട് മുക്തമാക്കിയെടുത്ത നാം വീണ്ടും തെറ്റുകളിലേക്കു തന്നെ മടങ്ങുമ്പോള്‍ റമദാന്‍ നമുക്ക് അനുകൂലമായോ എന്നു വിചാരപ്പെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വിശുദ്ധ ദിനങ്ങളില്‍ നേടിയെടുത്ത സുകൃതങ്ങളെ ഒറ്റദിനം കൊണ്ട്, പെരുന്നാള്‍ ദിനം കൊണ്ട് നഷ്ടപ്പെടുത്താതെയും ശ്രദ്ധിക്കേണ്ടതുണ്ട്. പെരുന്നാള്‍ കേവലം ആഘോഷ ദിനമെന്നതിലുപരി അതൊരു പ്രാര്‍ഥനയുടെ ദിനം കൂടിയാണെന്ന ഓര്‍മ വേണം. ഒരുമാസത്തെ ജീവിതം പഠിപ്പിച്ച പാഠങ്ങളുടെ തുടര്‍ച്ച ഇനിയുള്ള ദിനങ്ങളിലും നിലനിര്‍ത്തണം എന്ന് ഏകനായ അല്ലാഹുവിനോട് തേടേണ്ട, പ്രാര്‍ഥിക്കേണ്ട ദിനം കൂടിയാണിത്.
അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.
A festival of spirituality ആത്മചൈതന്യത്തിന്റെ പെരുന്നാള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."