അവശ നിലയിലായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ബംഗാള്‍ ഗവര്‍ണര്‍
കൊല്‍ക്കത്ത: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ബംഗാള്‍ മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ അവശനിലയിലായ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി സി.പി.എം. ചിത്രം കമ്മ്യൂണസ്റ്റ് അനുഭാവികളെ മാത്രമല്ല, പൊതു ജനങ്ങളെ തന്നെ വേദനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ സി.പി.എം അത് ട്വിറ്ററില്‍ല്‍ നിന്ന് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും ഭാര്യയും കഴിഞ്ഞ ദിവസം ബുദ്ധദേബ് ഭട്ടാചാര്യയുടെ വീട് സന്ദര്‍ശിച്ചിരുന്നു. അഷ്ടമി ദിനാശംസയും പൂര്‍ണാരോഗ്യവും നേരാനാണ് വീട് സന്ദര്‍ശിച്ചതെന്നായിരുന്നു ബുദ്ധദേബിന്റെ ഫോട്ടോ പങ്കുവച്ചു ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.
എന്നാല്‍ അര്‍പ്പണ ബോധത്തോടെ സംസ്ഥാനത്തെ സേവിച്ച, അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ് ഭട്ടാചാര്യയെന്നും അവശനിലയിലായ സമയത്ത് അദ്ദേഹത്തിന്റെ ചിത്രമെടുക്കുകയും അവ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത് ലോകമെമ്പാടുമുള്ള സി.പി.എം അനുഭാവികളെ മാത്രമല്ല, പൊതുജനങ്ങളുടെയും വികാരത്തെ വല്ലാതെ വേദനിപ്പിച്ചു എന്നും ബംഗാള്‍ സി.പി.എം ട്വീറ്റ് ചെയ്തു. ഗവര്‍ണറുടെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."