വടക്കു കിഴക്കന്‍ കാലവര്‍ഷം നാളെമുതല്‍ സജീവമായേക്കും
കോഴിക്കോട്: കന്നിയില്‍ കനിഞ്ഞു പെയ്യും, തുലാത്തില്‍ തുലച്ച് പെയ്യും എന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കാലംതെറ്റിയുള്ള പെയ്ത്തുകളാണധികവും. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ( ഇടവപ്പാതി) രാജ്യത്തുനിന്നു പൂര്‍ണമായി പിന്‍മാറുന്നതോടെയാണ് തുലാമഴ ലഭിച്ചു തുടങ്ങുന്നത്. വടക്കു കിഴക്കന്‍ കാലവര്‍ഷം എന്ന തുലാമഴ നാളെയോടെ സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.
ഗുജറാത്ത്, ഛത്തീസ്ഗഡ് മേഖലകളില്‍ നിന്നു കാലവര്‍ഷത്തിന്റെ അവസാന സൂചന കൂടി ഇല്ലാതാവുമെന്നാണ് കരുതുന്നത്. എടവപ്പാതിയില്‍ അറബിക്കടലില്‍നിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് മഴ കൊണ്ടു വരുന്നതെങ്കില്‍ തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് തമിഴ്‌നാട് കടന്നു വരുന്ന കാറ്റാണ് മഴയെത്തിക്കുന്നത്.
അതുകൊണ്ടു തന്നെ കേരളത്തില്‍ തെക്കന്‍ ജില്ലകളിലാണ് തുലാവര്‍ഷം കൂടുതല്‍ സജീവമാവുക.
തുലാവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളുടെ സൂചനയെന്നോണം തെക്കന്‍ ജില്ലകളില്‍ മഴക്കോളു് കണ്ടുതുടങ്ങിയിട്ടുണ്ട്.
ഇടിയും മിന്നലുമാണ് തുലാമഴയുടെ പ്രത്യേകത. പലപ്പോഴും മലയാളി ഭയക്കുന്ന മഴയാണ് തുലാമഴ. ഇടിമിന്നല്‍ ദുരന്തങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഏറുമ്പോള്‍ ജാഗ്രതയോടെയും മുന്‍കരുതലുകളെടുത്തും മഴയെ കാത്തിരിക്കുകയാണ് അധികൃതര്‍.
തുലാവര്‍ഷത്തിന്റെ ആരംഭം ഈ ആഴ്ചതന്നെ ഉണ്ടാകുമെന്ന് കരുതുന്നുണ്ടെങ്കിലും നവംബര്‍ പകുതിയോടെ മാത്രമേ അത് ശക്തിയാര്‍ജിക്കാന്‍ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.
കാലവര്‍ഷത്തില്‍ വടക്കന്‍ജില്ലകള്‍ മഴ സമൃദ്ധമായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകര ഭാഗത്താണ് ഏറ്റവും കൂടുതല്‍ മഴ ഈ സമയത്ത് ലഭിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ മാറിയതോടെ ഇതിനു മാറ്റം വന്നു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഇടുക്കിയയിലെ പീരുമേട് തുടങ്ങിയ ഭാഗങ്ങളിലാണ് ഇപ്പോള്‍ കൂടുതലായും മഴ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."