എ.എ.പി എം.പിക്ക് ലോക്‌സഭയില്‍ താല്‍ക്കാലിക വിലക്ക്
വിവാദ വിഡിയോ ഒമ്പതംഗ സമിതി അന്വേഷിക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള സുരക്ഷാക്രമീകരണങ്ങള്‍ മൊബൈലില്‍പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച എ.എ.പി എം.പി ഭഗവന്ത് മന് സഭാനടപടികളില്‍ പങ്കെടുക്കുന്നതിന് താല്‍ക്കാലിക വിലക്ക്. ശിക്ഷയില്‍ തീരുമാനമുണ്ടാകുന്നതുവരെ വിട്ടുനില്‍ക്കാനാണ് നിര്‍ദേശം.
ഭഗവന്തിനെതിരായ ആരോപണങ്ങള്‍ ബി.ജെ.പി എം.പി കിരിത് സോമയ്യ അധ്യക്ഷനായ ഒമ്പതംഗ സമിതിയാണ് അന്വേഷിക്കുക. സ്പീക്കര്‍ സുമിത്രാ മഹാജനാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. വര്‍ഷകാല സമ്മേളനം കഴിയുന്നതുവരെയോ അന്വേഷണസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെയോ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്നാണ് സ്പീക്കറുടെ നിര്‍ദേശം.
വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഭഗവന്ത് രംഗത്തെത്തി.
ദേശീയസുരക്ഷ മറികടന്ന് പാകിസ്താനില്‍ നിന്നുള്ള സംഘത്തിന് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ പ്രവേശിക്കാന്‍ മോദി അനുമതി നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
തനിക്കെതിരായ നടപടികളും ആരോപണങ്ങളും പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും ഭഗവന്ത് ആരോപിച്ചു. സ്പീക്കറുടെ നടപടി സാധാരണക്കാരനെ ജനാധിപത്യത്തില്‍ നിന്നകറ്റി നിര്‍ത്തുന്നതിനു തുല്യമാണെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു. മോദിക്കെതിരായ ആരോപണം പാര്‍ട്ടി നേതാവ് സഞ്ജയ് സിങും ട്വിറ്ററില്‍ ആവര്‍ത്തിച്ചു.
പഞ്ചാബിലെ സംഗ്രൂരില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.പിയായ ഭഗവന്ത് മന്‍ പാര്‍ലമെന്റില്‍ മദ്യപിച്ചെത്തുന്നുവെന്ന പരാതിയും സ്പീക്കര്‍ക്കു മുന്നിലുണ്ട്. ലോക്‌സഭയില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്തിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഹരീന്ദര്‍ ഖസ്ലയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
വീട്ടില്‍നിന്ന് പാര്‍ലമെന്റിലേക്കുള്ള വഴികളും സുരക്ഷാപരിശോധനക്രമങ്ങളും ശൂന്യവേളയില്‍ ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതിയും മൊബൈലില്‍ പകര്‍ത്തി ഭഗവന്ത് ഫേസ്ബുക്കിലിടുകയായിരുന്നു. ഇതിനെതിരേ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എം.പിമാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനേത്തുടര്‍ന്ന് സ്പീക്കര്‍ക്കു നല്‍കിയ കത്തില്‍ ഭഗവന്ത് നിരുപാധികം മാപ്പുപറഞ്ഞിരുന്നു. എന്നാല്‍, സംഭവത്തില്‍ നടപടി വേണമെന്ന നിലപാടാണ് സ്പീക്കര്‍ എടുത്തത്.
അതിനിടെ, പഞ്ചാബിലെ തീവ്ര വിഭാഗങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ഭഗവന്ത് മനെന്നും വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ രംഗത്തെത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭഗവന്ത് മന്‍ ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ഭഗവന്തിന്റെ വാഹനം പാര്‍ലമെന്റിലെത്തുന്നതുവരെയുള്ള 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
പഞ്ചാബിലെ ജനങ്ങളെ പാര്‍ലമെന്റിലെ പ്രവര്‍ത്തനരീതികള്‍ കാണിച്ചുകൊടുക്കാനാണ് വീഡിയോ ഫേസ്ബുക്കിലിട്ടതെന്നായിരുന്നു എം.പിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."