പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്നോക്ക സംവരണ വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനമാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നിലവില്‍ സംവരണം ലഭിക്കുന്ന ഒരാളുടെ പോലും അവകാശങ്ങള്‍ നഷ്ടമാകില്ലെന്ന പതിവുപല്ലവി ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യുന്ന പത്തുശതമാനം, ജനറല്‍ സീറ്റുകളില്‍ നിന്നാണോ അതോ മുഴുവന്‍ സീറ്റുകളുടെയും പത്തു ശതമാനം എന്ന നിലക്കാണോ കണക്കാക്കുന്നത് എന്നതില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല. ഇതു സംബന്ധിച്ച് പിന്നോക്ക, ന്യൂനപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും മുഖ്യമന്ത്രി തയാറായില്ല.
അതേസമയം, മുന്നോക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന എന്‍.എസ്.എസിന്റെ ആവശ്യം നിരാകരിച്ചിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച രീതിയില്‍ പോകുന്നതാണ് നല്ലതെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ 326 അംഗങ്ങളില്‍ 323 പേരും അനുകൂലിച്ച് പാസാക്കിയ നിയമമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്.
ദേവസ്വം വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്തത് കൊണ്ടാണ് നേരത്തേതന്നെ മുന്നോക്ക സംവരണം നടപ്പാക്കിയത്. ഇപ്പോള്‍ രാജ്യത്തിന് മുഴുവന്‍ ബാധകമായ നിയമമാണ് കേരളത്തിലും നടപ്പാക്കുന്നതെന്ന് സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."