ദാവൂദ് ഇബ്രാഹീമിനെയും ഹാഫിസ് സഈദിനെയും വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: 2011 നവംബര്‍ 26 ആക്രമണ പരമ്പരകളുടെ സൂത്രധാരന്‍ ഹാഫിസ് സഈദിനെയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെയും വിട്ടുകിട്ടാന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇരുവരെയും തിരിച്ചുകൊണ്ടുവരാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന വിവരാകാശപ്രകാരമുള്ള അന്വേഷണത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.
1993ലെ മുംബൈ സ്‌ഫോടനക്കേസ് പരമ്പരകളുടെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹീം. സ്‌ഫോടനങ്ങളില്‍ 260 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യംവിട്ട ദാവൂദ് പാകിസ്താനിലാണ് ഒളിവില്‍ താമസിക്കുന്നതെന്നാണ് വിവരം. പാകിസ്താനിലെ ഭീകരസംഘം ലഷ്‌കറെ ത്വയ്ബയുടെ സഹസ്ഥാപകന്‍ കൂടിയാണ് ഹാഫിസ് സഈദ്. ഇയാള്‍ 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തിരയുന്ന പ്രതിയാണ്. ഭീകരര്‍ കടല്‍ മാര്‍ഗമെത്തി നടത്തിയ അന്നത്തെ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
ദാവൂദ് ഇബ്രാഹീം പാകിസ്താനിലാണ് ഉള്ളതെന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് യാതൊരു സംശയവുമില്ലെന്ന് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യയില്‍ നടന്ന ഭീകരാക്രമണക്കേസുകളിലെ പ്രധാന പ്രതിയായ ദാവൂദ് ഇബ്രാഹീം പാകിസ്താനിലാണ് ഉള്ളതെന്ന് കാണിച്ച് ഇന്ത്യ പാകിസ്താന്‍ അധികൃതര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. 2011ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരവും ദാവൂദ് കറാച്ചിയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ദാവൂദിനെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമം ഇന്ത്യ തുടരുകയാണെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനു വിരുദ്ധമായ മറുപടിയാണ് മന്ത്രാലയത്തില്‍നിന്ന് ഇപ്പോള്‍ ലഭിച്ചത്. ഇന്ത്യയ്ക്ക് ഇരുവരെയും കൈമാറണമെന്ന് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."