ഹരിയാനയില്‍ വീണ്ടും ക്രൂരപീഡനം
റോത്തക്ക്: ഹരിയാനയില്‍നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഹരിയാനയിലെ റോത്തക്കില്‍ രണ്ടാനച്ഛന് നിരന്തരം പീഡിപ്പിച്ച പത്തു വയസുകാരി ഗര്‍ഭിണിയായി. കുട്ടി ഗുരുതരാവസ്ഥയിലാണുള്ളത്. ഹരിയാനയിലെ റോത്തക്കില്‍ യുവതിയെ ഏഴംഘ സംഘം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം പുറത്തെത്തിയതിനു പിറകെയാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരം വാര്‍ത്തയാകുന്നത്.
രണ്ടാനച്ഛനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. കുട്ടി റോത്തക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതോടെയാണ് പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
രണ്ടാനച്ഛന് തന്നെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആരോടെങ്കിലും തുറന്നുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് അമ്മ മകളുമായി തൊട്ടടുത്ത വനിതാ പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് പ്രതിയെ പിടികൂടുകയും ചെയ്തു.
റോത്തക്കിലെ ആരോഗ്യവിഭാഗം കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി പ്രത്യേക യോഗം ചേരുന്നുണ്ട്.
കഴിഞ്ഞയാഴ്ചയാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതിന് റോത്തക്കില്‍ 23 കാരിയെ ഏഴുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."