മായാവതിക്ക് മറുപടിയുമായി അഖിലേഷ്; ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലക്ക് മത്സരിക്കും
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തില്‍ നിന്ന് മാറി അടുത്ത് നടക്കാനിരിക്കുന്ന 11 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ തനിച്ച് മത്സരിക്കുമെന്ന ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമാജ് വാദി പാര്‍ട്ടിയും സ്വന്തം വഴി നോക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
ഉപതെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്നലെ അഖിലേഷും നിലപാട് വ്യക്തമാക്കിയത്.
നിങ്ങളുടെ മാര്‍ഗം വ്യത്യസ്തമാണെങ്കില്‍, അതിനെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. എല്ലാ നന്മയും നേരുന്നുവെന്നും മായാവതിയുടെ പരാമര്‍ശത്തിന് മറുപടിയായി അഖിലേഷ് പറഞ്ഞു. സഖ്യം തകരുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുതലോടെ എസ്.പി മുന്നോട്ട് നീങ്ങും. 11 മണ്ഡലങ്ങളിലും സ്വന്തം നിലക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.പിയില്‍ ബദ്ധവൈരികളായി നിലകൊണ്ട സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ലോക്സഭാ തെരഞ്ഞെടുപ്പിലാണ് മഹാസഖ്യം രൂപീകരിച്ചത്. ബി.ജെ.പിയെ സംസ്ഥാനത്ത് നിന്ന് തുരത്തുകയെന്ന് മാത്രമല്ല ഇരുപാര്‍ട്ടികളുടെയും നിലനില്പുകൂടി ലക്ഷ്യം വച്ചായിരുന്നു ഇത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി.എസ്.പി 10 സീറ്റുകളിലും എസ്.പി അഞ്ച് സീറ്റുകളിലുമാണ് വിജയിച്ചത്. ഇതേ തുടര്‍ന്ന് ഇരുപാര്‍ട്ടികളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവന്നു. യാദവ വോട്ടുകള്‍ പോലും ആര്‍ജിക്കാന്‍ എസ്.പിക്ക് കഴിഞ്ഞില്ലെന്ന ഗുരുതര ആരോപണവും സഖ്യകക്ഷിയായ ബി.എസ്.പി ഉന്നയിക്കുകയും ചെയ്തു.
പ്രവര്‍ത്തകരെ കൂടുതല്‍ സജീവമാക്കാന്‍ എസ്.പി തയാറായാല്‍ ഭാവിയില്‍ സഖ്യം ചേരില്ലെന്ന് പറയാനാകില്ലെന്ന് മായാവതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരാജയമുണ്ടായാല്‍ പിന്നീട് തങ്ങള്‍ തങ്ങളുടേതായ നന്മ ലക്ഷ്യമാക്കിയായിരിക്കും മുന്നോട്ട് പോകുകയെന്നും മായാവതി വ്യക്തമാക്കി. അതേസമയം മായാവതിയുടെ പരാമര്‍ശത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ അഖിലേഷ് തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."