'മക്കള്‍ക്ക് വേണ്ടി ഞങ്ങള്‍ തെരുവിലിറങ്ങുയാണ്, വണക്കം പറഞ്ഞ് കാല് നക്കാനല്ല. കണക്ക് പറഞ്ഞ് നീതി തേടാന്‍'- ശരീഫും സഹലയും ഇനി സമരത്തെരുവില്‍
മഞ്ചേരി: ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ മരണപ്പെട്ട ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ ഉമ്മയും ഉപ്പയും നീതി തേടി സമരത്തിനിറങ്ങുന്നു. സംഭവം നടന്ന് ഒരു മാസമായിട്ടും ഇതിന് കാരണക്കാരായവര്‍ക്കെതിരെ ഒരു നട
പടിയുമുണ്ടായിട്ടില്ലെന്ന് കുട്ടികളുടെ ഉപ്പ സുപ്രഭാതം ലേഖകന്‍ കൂടിയായ എന്‍.സി ഷെരീഫ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഷെരീഫ് ഇക്കാര്യം അറിയിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
മക്കള്‍ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവില്‍ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയില്‍ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു, എന്നാലും ന്റെ മക്കളുടെ മുഖം മായാതെ കിടപ്പുണ്ട്.
ആശുപത്രിയില്‍ നിന്ന് രണ്ട് പൈതങ്ങളേയും ഏറ്റുവാങ്ങിയത്, റോഡില്‍ വാഹനം നിര്‍ത്തി നെഞ്ചോട് ചേര്‍ത്തുപിടിച്ച് വീട്ടിലേക്ക് നടന്നത്, തവനൂര്‍ പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് ഇറക്കിവെക്കുമ്പോള്‍ നിറകണ്ണുകളോടെ മുത്തം നല്‍കിയത്... ഇല്ല, ഒന്നും മറന്നിട്ടില്ല. മറക്കാന്‍ പറ്റില്ല, ന്റെ പൊന്നോമനകളുടെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കണം. അതിലൂടെ 'ക്രൂരന്മാര്‍ക്ക്' മറക്കാനാകാത്ത ഓര്‍മകള്‍ സമ്മാനിക്കണം. അവരുടെ നെഞ്ചെരിയണം.
ഇന്ന് അവര്‍ രണ്ടാളും ഉണ്ടായിരുന്നെങ്കില്‍ എന്ത് സന്തോഷമായിരുന്നു. കുഞ്ഞു മിഴികള്‍ ചിമ്മുന്നതും, പാല്‍ കുടിക്കുന്നതും, ഉമ്മച്ചിയേയും ഉപ്പച്ചിയേയും നോക്കി ചിരിക്കുന്നതും.. അങ്ങനെ ഓരോ ദിവസവും അവര്‍ വളരുന്നതും കാത്തിരിക്കാമായിരുന്നു. ഇന്ന് പ്രിയപ്പെട്ടവള്‍ തനിച്ച് കിടപ്പാണ്. ഉറക്കമുണര്‍ന്നാല്‍ അവള്‍ അറിയാതെ പരതി നോക്കും. മക്കളെങ്ങാനും അടുത്തുണ്ടോയെന്ന്. 10 മാസത്തോളം വേദന സഹിച്ചത് അവര്‍ക്ക് വേണ്ടിയായിരുന്നല്ലൊ.
പരാതിയുമായി ഒരു മാസക്കാലം നടന്നു. കൊലയാളികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ ആര്‍ക്കുമായിട്ടില്ല. എന്നാലും പിറകോട്ടില്ല. പ്രതികരിക്കാനുള്ള കരുത്തുണ്ട്. എന്റെ മക്കള്‍ക്ക് വേണ്ടി തെരുവിലിറങ്ങുകയാണ്. അധികാരികള്‍ക്ക് മുന്നിലേക്ക് വരുന്നുണ്ട്. കൂടെ പ്രിയപ്പെട്ടവളും ഉണ്ടാകും. വണക്കം പറഞ്ഞ് കാല് നക്കാനല്ല. കണക്ക് പറഞ്ഞ് നീതി തേടാന്‍.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ ഒരു കുടുംബം വ്യാഴാഴ്ച വീട്ടിലേക്ക് വരുന്നുണ്ട്. സമാന അനുഭവമുള്ള മറ്റു ചിലരുമായും സംസാരിച്ചിട്ടുണ്ട്. എല്ലാവരേയും ചേര്‍ത്തുപിടിച്ച് സമര രംഗത്തിറങ്ങും.
വിശദമായി അറിയ്ക്കാം. പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം.
എന്‍.സി ഷെരീഫ്
9744783068
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."