തട്ടിപ്പ് കോടീശ്വരന്മാര്‍ ഇന്ത്യ വിട്ടത് സര്‍ക്കാര്‍ അറിവോടെ
ശതകോടീശ്വരനായ വിജയ്മല്യയും നീരവ്‌മോദിയും ബാങ്കുകളെ വെട്ടിച്ചു രാജ്യംവിട്ടത് ബി.ജെ.പി സര്‍ക്കാരിന്റെ അറിവോടെയാണെന്നു പ്രതിപക്ഷം വളരെ മുമ്പുതന്നെ ആരോപിച്ചതാണ്. അത്തരം ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന നിഗമനത്തിലായിരുന്നു പൊതുസമൂഹം. ദേശീയസുരക്ഷയും ദേശസ്‌നേഹവും സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലൊടിക്കുന്ന നീചകൃത്യത്തിനു കൂട്ടുനില്‍ക്കുമോയെന്ന സംശയമായിരുന്നു ഭൂരിപക്ഷം ജനങ്ങള്‍ക്കുമുണ്ടായിരുന്നത്.
അതിനാല്‍ത്തന്നെ പ്രതിപക്ഷാരോപണം പൊതുസമൂഹത്തില്‍ അത്രമേല്‍ ഏശിയില്ല. എന്നാല്‍, എല്ലാ ധാരണകളെയും തകിടംമറിച്ചുകൊണ്ട് താന്‍ രാജ്യം വിടുന്നതിനു മുമ്പുണ്ടായ സംഭവങ്ങളെക്കുറിച്ചു വിജയ്മല്യ ലണ്ടനിലെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരിക്കുന്നു. 9000 കോടിയുടെ തട്ടിപ്പു നടത്തി വിദേശത്തേക്കു കടക്കും മുമ്പു താന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണു മല്യ വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ സാമ്പത്തികമായി തകര്‍ത്ത രണ്ടു സംഭവങ്ങളാണ് ഉയര്‍ന്ന മൂല്യങ്ങളുണ്ടായിരുന്ന നോട്ടുകളുടെ നിരോധനവും കോടീശ്വരന്മാരായ കോര്‍പ്പറേറ്റുകള്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു കോടികള്‍ കൈപറ്റി രാജ്യംവിട്ടതും. നോട്ടു നിരോധനം സാമ്പത്തികാടിത്തറ തകര്‍ക്കുമെന്നു സാമ്പത്തികവിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും റിസര്‍വ് ബാങ്കും ചൂണ്ടിക്കാണിച്ചതായിരുന്നു. അത് വകവയ്ക്കാതെ കള്ളപ്പണം വെളുപ്പിക്കാനെന്ന വ്യാജേന നോട്ടുകള്‍ നിരോധിച്ചു. നിരോധിച്ച നോട്ടുകളുടെ 98 ശതമാനവും തിരിച്ചെത്തി. സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് നോട്ടു നിരോധനം കൊണ്ടുവന്നതെന്നതിന്റെ പിന്നാമ്പുറ കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മല്യ തന്നെ സമീപിച്ചിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി സമ്മതിക്കുന്നുണ്ട്. ക്രമക്കേടുകളെക്കുറിച്ചു ബോധ്യമുണ്ടായിട്ടും തന്നോടു സംസാരിക്കേണ്ടെന്നു പറഞ്ഞൊഴിയുകയായിരുന്നുവെന്ന ജെയ്റ്റ്‌ലിയുടെ വാദം അംഗീകരിക്കാനാവില്ല. നുണകളിന്മേല്‍ കെട്ടിപ്പടുത്ത സര്‍ക്കാരിന്റെ പ്രതിനിധി പറയുന്നതു മുഖവിലയ്‌ക്കെടുക്കാനാവില്ല. ബാങ്കുകളുമായുള്ള കിട്ടാക്കടപ്രശ്‌നം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നു മല്യ ഉറപ്പു നല്‍കിയിട്ടും അതിനു സാവകാശം നല്‍കാതെ രാജ്യം വിടാന്‍ അനുവദിച്ചതിനു പിന്നിലെ കള്ളക്കളിയാണു പുറത്തുവരേണ്ടത്.
ബാങ്കുകളുടെ കടം വീട്ടുന്നതു സംബന്ധിച്ചുള്ള സമഗ്ര പദ്ധതി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നെന്നു മല്യ പറയുമ്പോള്‍ ആ വിവരം കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിരിക്കണം. ഇതെല്ലാം എങ്ങനെ നിഷേധിക്കാനാകും ബി.ജെ.പി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും. അപ്പോള്‍ വിജയ്മല്യയെപ്പോലുള്ള ശതകോടീശ്വരന്മാര്‍ ബാങ്കുകളെ വെട്ടിച്ചു രാജ്യം വിടാന്‍ അനുവദിച്ചതിനു പിറകില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടുണ്ടോയെന്നാണ് അറിയേണ്ടത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടതും ഇതിനാലായിരിക്കണം.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര ഭരണകൂടങ്ങളെ അട്ടിമറിച്ച് എം.എല്‍.എമാരെ കോടികള്‍ നല്‍കി ചാക്കിട്ടു പിടിക്കാന്‍ ബി.ജെ.പിക്ക് എവിടെനിന്നാണു കോടികള്‍ കിട്ടിയതെന്ന് അന്വേഷിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയപ്പാര്‍ട്ടി ബി.ജെ.പിയാണെന്നു വാര്‍ത്തയുണ്ടായിരുന്നു. അഴിമതിരഹിത ഭരണം നടത്തുമെന്നു പറഞ്ഞ് അധികാരത്തില്‍വന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെ ഇത്രയും ആസ്തിയുണ്ടായി. സാമ്പത്തികത്തട്ടിപ്പുകള്‍ നടത്തിയ വന്‍കിടക്കാരുമായി ബി.ജെ.പിയിലെ ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന പ്രതിപക്ഷാരോപണം ശരിവയ്ക്കുകയാണ് ഈ വസ്തുതകള്‍.
2016ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നു ജനീവ വഴി മല്യ നിരവധി പെണ്‍കുട്ടികളുമായി രാജ്യം വിടുമ്പോള്‍ അദ്ദേഹത്തിനെതിരേ ലുക്ക്ഔട്ട് നോട്ടിസുണ്ടായിരുന്നു. എന്നിട്ടും ആരോരുമറിയാതെ മല്യ രാജ്യം വിട്ടുപോയെന്ന് എങ്ങനെ വിശ്വസിക്കും. മല്യ വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും കംപ്യൂട്ടറില്‍ നിന്നു ലുക്ക്ഔട്ട് നോട്ടിസ് അപ്രത്യക്ഷമായതെങ്ങനെ.
ബാങ്കുകളെ വെട്ടിച്ചു കോടികള്‍ തട്ടിയ പ്രമുഖ വ്യവസായികളുടെ പേരുവിവരം അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ധനമന്ത്രിയുടെ ഓഫിസിനു നല്‍കിയതാണ്. ഇവരില്‍ ചിലര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നടപടികളൊന്നുമുണ്ടായില്ല. വിജയ്മല്യ, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്‌സി, വിക്രം കൊത്താരി, ജിതിന്‍മേത്ത, സഞ്ജയ് ഭണ്ഡാരി തുടങ്ങി പ്രമുഖ തട്ടിപ്പുകാരുടെ നീണ്ട പട്ടിക തന്നെ രഘുറാം രാജന്‍ നല്‍കിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി അറിഞ്ഞില്ലെന്നോ.
രഘുറാം രാജന്‍ കള്ളമാണു പറയുന്നതെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നില്ല. വിജയ്മല്യ കളം വിടുംമുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയുമായാണ് സംസാരിച്ചതെങ്കില്‍ നീരവ് മോദി രാജ്യം വിടുംമുമ്പ് നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നുവെന്നാണു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. ഒന്നുറപ്പാണ്. ഇന്ദ്രപ്രസ്ഥത്തിന്റെ അകത്തളങ്ങളില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതിന്റെ ദുര്‍ഗന്ധമാണിപ്പോള്‍ പുറത്തേക്കു വമിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."