പ്രഥമ ഏഷ്യ പസഫിക് മാസ്റ്റേഴ്‌സ് ഗെയിംസ്: വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പീറ്റര്‍ ജോസഫിന് വെള്ളി
കൊച്ചി: മലേഷ്യയിലെ പെനാംഗില്‍ നടക്കുന്ന പ്രഥമ ഏഷ്യ പസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ പീറ്റര്‍ ജോസഫിന് വെള്ളി. 64 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മാസ്റ്റേഴ്‌സ് ഗെയിംസില്‍ 77 കിലോ വിഭാഗത്തിലാണ് അങ്കമാലി സ്വദേശിയായ 57 കാരനായ പീറ്റര്‍ ജോസഫ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.
നീണ്ട 30 വര്‍ഷത്തിനു ശേഷമാണ് പീറ്റര്‍ ജോസഫ് വെയ്റ്റ് ലിഫ്റ്റിങ്ങില്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങിയത്. ആദ്യ റൗണ്ടില്‍ തന്നെ വെള്ളി ഉറപ്പിക്കാന്‍ കഴിഞ്ഞ പീറ്ററിന് തുടയിലെ പേശിവലിവിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ മത്സരിക്കാനാവാത്തത് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി . വെയ്റ്റ് ലിഫ്റ്ററായി കായിക ജീവിതം ആരംഭിച്ച പീറ്റര്‍ 22ാം വയസില്‍ ദേശീയ ചാംപ്യന്‍ പട്ടം കരസ്ഥമാക്കിയിരുന്നു. പിന്നീട് ബോഡി ബില്‍ഡിങ് രംഗത്തേയ്ക്ക് ചുവടുമാറ്റിയ പീറ്റര്‍ നിരവധി തവണ മിസ്റ്റര്‍ ഇന്ത്യ, മിസ്റ്റര്‍ കേരള പദവികളും നേടിയിട്ടുണ്ട്. 2017 നവംബറില്‍ ഗ്രീസിലെ ഏഥന്‍സില്‍ ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു.
കേരളത്തില്‍ നിന്ന് ബോഡി ബില്‍ഡിങ്ങില്‍ അന്താരാഷ്ട്ര നേട്ടം കൈവരിക്കുന്ന ഏക വ്യക്തി കൂടിയായ പീറ്റര്‍ ജോസഫ്, ബോഡി ബില്‍ഡിങ് മേഖലയില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്നാണ് 30 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വെയ്റ്റ് ലിഫ്റ്റിങ് രംഗത്തേയ്ക്ക് തിരിച്ചെത്തിയതും രാജ്യത്തിനായി മെഡല്‍ നേട്ടത്തോടെ രണ്ടാം അരങ്ങേറ്റം കുറിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."