ഇമ്മാനുവല്‍ മാക്രോണ്‍ ഇനി എലിസീ കൊട്ടാരത്തില്‍
പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ ചുമതലയേറ്റു. നിലവിലെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ ഒളാദേയില്‍ നിന്നാണ് 39 കാരനായ മാക്രോണ്‍ ഭരണം ഏറ്റെടുക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് കൂടിയാണ് മാക്രോണ്‍. ആണവായുധങ്ങളുടെ കോഡും ചടങ്ങില്‍ ഒളാദേ മാക്രോണിന് കൈമാറി.
പ്രസിഡന്റിന്റെ കൊട്ടാരമായ എല്ലീസെ പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാരീസിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ഭീകരാക്രമണങ്ങളെ തുടര്‍ന്ന് 2015 മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫ്രാന്‍സെ ഒളാദെ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു മാക്രോണ്‍. തീവ്ര വലതുപക്ഷ നാഷനല്‍ ഫ്രണ്ടിന്റെ മരീന്‍ ലീപെന്നിനെ പരാജയപ്പെടുത്തിയാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായത്. സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റും സംബന്ധിച്ചു.
മാക്രോണിനേക്കാള്‍ 24 വയസിനു മൂത്തയാളാണ് ഭാര്യ ബ്രിജിറ്റ്. പുതിയ പ്രധാനമന്ത്രിയെ മാക്രോണ്‍ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫ്രഞ്ച് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷം ജര്‍മനിയിലേക്കാണ് ഇമ്മാനുവല്‍ മാക്രോണിന്റെ ആദ്യ സന്ദര്‍ശനം. ഇന്നു തന്നെ അദ്ദേഹം ജര്‍മനിയിലേക്ക് പോകുമെന്നാണ് വിവരം.
അധികാരമേറ്റെടുത്ത ശേഷം ഫ്രഞ്ച് പ്രസിഡന്റുമാര്‍ ജര്‍മനി സന്ദര്‍ശിക്കുന്നത് കാലങ്ങളായുള്ള കീഴ് വഴക്കമാണ്. യൂറോപ്യന്‍ യൂനിയന്‍ പരിഷ്‌കരണങ്ങളും ഫ്രാന്‍സിലെ കര്‍ശനമായ തൊഴില്‍ നിയമങ്ങളില്‍ അയവ് വരുത്തലുമാണ് മാക്രോണിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
1000 കോടി യൂറോ പൊതു മൂലധന നിക്ഷേപം, 600 കോടി യൂറോ മിച്ച ബജറ്റ്, അടിസ്ഥാന സൗകര്യ വികസനം, തെരഞ്ഞെടുപ്പില്‍ 50 ശതമാനം വനിതാ സംവരണം തുടങ്ങിയവ മാക്രോണിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."