നിപ ഭീഷണി: കൂടുതല്‍ സഹായം വേണം, ആരോഗ്യ മന്ത്രി ഇന്ന് ദല്‍ഹിക്ക്: ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി
കൊച്ചി: കേരളം നിപ ഭീഷണി നേരിടുന്ന സാഹചര്യം ചര്‍ച്ച ചെയ്ത് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഇന്ന് ദല്‍ഹിക്ക് തിരിക്കും. കൊച്ചിയില്‍ നിപ അവലോകനയോഗത്തിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
സംസ്ഥാനത്ത് ജാഗ്രത തുടരുമെന്നും പുറത്തുവരുന്നത് ആശ്വാസകരമായ വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ഗവേഷണം തുടരുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ എത്തുന്ന മന്ത്രി കെ.കെ ഷൈലജ കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും ആരോഗ്യ വകുപ്പിലെ ഉന്നതരെയും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തും.
ഇതുവരേ നിപയുടെ ഉറവിടത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് തവണ രോഗം എത്തിയപ്പോഴും എവിടെനിന്നെന്ന് വ്യക്തമായിട്ടില്ല. അത് കണ്ടെത്തിയേ മതിയാകൂ. അതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ ഉറവിടം ബോധ്യമായെങ്കിലേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുകയുള്ളൂ.
കോഴിക്കോട് കേന്ദ്രമായി റീജ്യനല്‍ വൈറോളജി ലാബ് നേരത്തെ അനുവദിച്ചതാണ്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ വൈറോളിജി ലാബിന്റെ ആവശ്യകത വീണ്ടും അധികൃതരേ ബോധ്യപ്പെടുത്തും. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ലാബ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
മൂന്ന് കോടി രൂപയാണ് വൈറോളിജി ലാബ് തുടങ്ങുന്നതിനായി നേരത്തെ കേന്ദ്രം അനുവദിച്ചത്. ഇതു മതിയാകില്ല. ആയതിനാല്‍ ലാബിനുവേണ്ടി കൂടുതല്‍ തുക ആവശ്യപെടും. മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."