നമ്പിനാരായണന് നീതി; ചരിത്രവിധിയിലെ നാള്‍ വഴികള്‍
1994 നവംബര്‍ 30: മാലി സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതികവിദ്യ ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയുള്ള ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുന്നു. പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് വേണ്ടിയാണ് ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥരായ നമ്പി നാരായണനും ശശികുമാറും വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ ആരോപണം. 50 ദിവസം നമ്പി നാരായണന്‍ ജയിലില്‍ കിടക്കുന്നു.
1994 ഡിസംബര്‍ 3: അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറി.
1996: ചാരക്കേസ് വ്യാജമാണെന്ന കണ്ടെത്തലുകളോടെ സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.
1996: സി.ബി.ഐ അന്വേഷണം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തി.
തുടര്‍ന്ന് നായനാര്‍ സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നു.
1996 : പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിന് എതിരേ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു.
1997 ജനുവരി: പ്രത്യേക സംഘത്തെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് ഹൈക്കോടതി. നമ്പി നാരായണന്റെ ഹരജി തള്ളി.
1997: ഹൈക്കോടതി വിധിക്ക് എതിരേ നമ്പി നാരായണന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി.
1997-98: സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിന് ഒപ്പം നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനക്ക് എത്തുന്നു. സിബി മാത്യൂസ്, കെ.കെ ജോഷ്വ, വിജയന്‍ തുടങ്ങി അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് റിപ്പോര്‍ട്ട്. പ്രൊഫഷനല്‍ അല്ലാത്ത രീതിയില്‍ പെരുമാറി, ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ചവന്നു എന്നിങ്ങനെ കണ്ടെത്തലുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ് അയച്ചു. ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടി പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സുപ്രിംകോടതി വിധി വരുംവരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ നിര്‍ദേശം.
1998: രൂക്ഷ വിമര്‍ശനത്തോടെയും ശ്രദ്ധേയമായ നിരീക്ഷണങ്ങളോടെയും ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. പ്രത്യേക സംഘത്തെ നിയമിച്ചു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് നിയമ നടപടികളുടെ ദുരുപയോഗമെന്നു സുപ്രിംകോടതി. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യമെന്ന് വിമര്‍ശനം. 'കൂടുതല്‍ ഒന്നും പറയുന്നില്ല'. പ്രതി ചേര്‍ത്തിരുന്ന മറിയം റഷീദ, ഫൗസിയ ഹസന്‍, നമ്പി നാരായണന്‍, ചന്ദ്രശേഖരന്‍, എസ്.എ ശര്‍മ എന്നിവര്‍ക്ക് കോടതി ചെലവിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദേശം.
1998-2010: സുപ്രിംകോടതി വിധി വന്നതിനു ശേഷവും സി.ബി.ഐ രഹസ്യ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ല. ഇടത്-വലതു സര്‍ക്കാരുകള്‍ മാറി വന്നു. റിപ്പോര്‍ട്ട് നിലനില്‍ക്കെ തന്നെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി
2001: സുപ്രിംകോടതി വിധിയെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
2010: ഒന്നര വര്‍ഷത്തെ അന്വേഷണത്തിനു ശേഷം സി.ബി.ഐ തയാറാക്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടി വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
2011: സി.ബി.ഐ രഹസ്യ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.
2012: ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടി വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കോടതി നടപടി എടുക്കാന്‍ നിര്‍ദേശിച്ചില്ല, ഉദ്യോഗസ്ഥര്‍ വിരമിച്ചു, കാലപ്പഴക്കമുള്ള കേസ് എന്നീ കാരണങ്ങളാല്‍ ആണ് നടപടി ഒഴിവാക്കിയത്.
2012: സര്‍ക്കാര്‍ ഉത്തരവിന് എതിരേ നമ്പി നാരായണന്‍ കേരള ഹൈക്കോടതിയെ സമീപിക്കുന്നു. സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അല്ലെങ്കില്‍ നിയമ വാഴ്ചയില്ലെന്ന് കരുതുമെന്നും ജസ്റ്റിസ് രാമകൃഷ്ണപിള്ളയുടെ സിംഗിള്‍ ബെഞ്ച് വിധി.
2012: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിധിച്ച പത്തു ലക്ഷം രൂപ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
2013: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ നടപടി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപംനല്‍കി.
2015: ആരോപണ വിധേയനായ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് തള്ളി. നടപടി വേണ്ടെന്ന 2012ലെ സര്‍ക്കാര്‍ തീരുമാനം ശരിവച്ചു.
2015: ഹൈക്കോടതി വിധിക്ക് എതിരേ നമ്പി നാരായണന്‍ സുപ്രിംകോടതിയെ സമീപിച്ചു.
2018 ജനുവരി: നമ്പി നാരായണന്റെ ഹരജിയില്‍ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ട് ഇടത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
2018 ജൂലൈ 10: നമ്പി നാരായണന്റെ ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വിധി പറയാനായി മാറ്റുന്നു.
2018 സെപ്റ്റംബര്‍ 14: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും സുപ്രിംകോടതി വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."