ഈ വര്‍ഷം ഇതുവരെ എഴുപത്തിയഞ്ച് ലക്ഷത്തിലധികം ഉംറ വിസകള്‍ വിതരണം ചെയ്തു; ഇന്ത്യയില്‍ നിന്നെത്തിയത് 643,563 തീര്‍ഥാടകര്‍
ജിദ്ദ: ഈ വര്‍ഷം ഉംറ സീസണ് ആരംഭിച്ച ശേഷം ഇതുവരെ എഴുപത്തിയഞ്ച് ലക്ഷത്തിലധികം ഉംറ വിസകള്‍ വിതരണം ചെയ്തതായി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന റമദാന് മാസത്തിലേതുള്പ്പെടെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ ആളുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഈ വര്‍ഷം ഇതുവരെ വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകര്‍ക്കായി ഹജ്ജ്- ഉംറ മന്ത്രാലയം വിതരണം ചെയ്തത് 75,84,428 വിസകളാണ്. ഇതില്‍ 72,01,851 തീര്‍ഥാടകര്‍ ഉംറ കര്‍മ്മം നിര്‍വഹിക്കാനായി എത്തി. പാകിസ്ഥാനില്‍ നിന്ന് 15,90,731 തീര്‍ഥാടകരാണ് ഉംറ നിര്‍വഹിക്കാനെത്തിയത്.
രണ്ടാം സ്ഥാനത്തു ഇന്തോനേഷ്യയാണ്. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നെത്തിയത് 643,563 തീര്‍ഥാടകരാണ്.
ഉംറ നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാല്‍ ഈ വര്‍ഷം ഉംറ നിര്‍വഹിക്കാനെത്തിയ അനധികൃത തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ വര്‍ഷം കൂടുതല്‍ മികച്ച സേവനങ്ങളാണ് മന്ത്രാലയം തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."