നീതിക്കായി സഭക്കകത്തുനിന്ന് പോരാടും: കന്യാസ്ത്രീകള്‍
കൊച്ചി: തങ്ങളുടെ സമരത്തിന് സഭാ വിരുദ്ധരുടെയും യുക്തിവാദികളുടെയും പിന്തുണയുണ്ടെന്ന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയിലെ മദര്‍ ജനറാളും മറ്റും പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്ന് ബിഷപ്പ്് ഫ്രാങ്കോയെ അറസ്റ്റുചെയ്യണമെന്നാശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകള്‍. മിഷനറീസ് ഓഫ് ജീസസ് ഭാരവാഹികള്‍ പുറത്തിറക്കിയ പ്രസ്താവന സംബന്ധിച്ച് ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. സമരത്തിന് ചിലര്‍ ഫണ്ട് നല്‍കുന്നുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും സ്വന്തമായി കൈയിലില്ലാത്തവരാണ് തങ്ങള്‍. യുക്തിവാദികളാരും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുമില്ല. തങ്ങള്‍ സഭക്കെതിരല്ല.കൂദാശകള്‍ സ്വീകരിക്കുന്ന കത്തോലിക്കാ വിശ്വാസികള്‍ തന്നെയാണ്. നീതിക്കായി സഭക്കകത്തു നിന്നുതന്നെയുള്ള തങ്ങളുടെ ജീവന്മരണ പോരാട്ടമാണിത്. മരണം വരെ ഈ സന്യാസ ജീവിതത്തില്‍ തന്നെ തുടരാനാണ് തീരുമാനം.
ബിഷപ്പ്് ഫ്രാങ്കോയുടെ നിര്‍ദേശമനുസരിച്ചാണ് മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറാളും മറ്റും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലാണ് തങ്ങള്‍ക്ക് പിന്തുണയുമായി ആദ്യം മുന്നോട്ടു വന്നത്. പിന്നീട് സമരസമിതിയായി മാറുകയായിരുന്നു. കത്തോലിക്കാ വിശ്വാസികള്‍ തന്നെയാണ് ഈ സമരസമിതിയില്‍ ഉള്ളത്. സമരത്തിന് പിന്തുണയുമായി പലരും വന്ന് പ്രസംഗിക്കുന്നുണ്ടാകാം. പിന്തുണയുമായി വരുന്ന ആരെയും തങ്ങള്‍ തള്ളിക്കളയില്ല. സമരം തുടങ്ങിയതിനു ശേഷം ആരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, അതിനു മുന്‍പ് സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നു. മിഷനറീസ് ഓഫ് ജീസസില്‍ നിന്നും നിരവധി പേര്‍ മാനസികമായി തങ്ങളോടൊപ്പമാണ്. മദര്‍ ജനറാളിനെയും കൗണ്‍സിലിനെയും പേടിച്ച് മിണ്ടാതിരിക്കുകയാണ്. സമരം തുടങ്ങിയതിനു ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോ മറ്റേതെങ്കിലും മെത്രാന്മാരോ തങ്ങളെ സമീപിച്ചിട്ടില്ല. കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍ സര്‍ക്കാരിലും പൊലിസിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. എന്തു വിലകൊടുക്കേണ്ടി വന്നാലും ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റുണ്ടാകുന്നതുവരെ തങ്ങള്‍ സമരവുമായി മുന്നോട്ടു പോകുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."