സഊദി പ്രതിദിന എണ്ണ ഉല്‍പാദനം തോത് ഉയര്‍ത്തി
ജിദ്ദ: സഊദി പ്രതിദിന എണ്ണ ഉല്‍പാദനം 1,70,000 ബാരല്‍ തോതില്‍ ഉയര്‍ത്തിയതായി ബ്ലൂംബെര്‍ഗ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മെയ് മാസത്തില്‍ സഊദി അറേബ്യയുടെ പ്രതിദിന എണ്ണയുല്‍പാദനം 99.6 ലക്ഷം ബാരലായിരുന്നു. ഏപ്രിലില്‍ ഇത് 97.9 ലക്ഷം ബാരലായിരുന്നു. മാര്‍ച്ചില്‍ പ്രതിദിനം ശരാശരി 97.87 ലക്ഷം ബാരല്‍ തോതിലാണ് സഊദി അറേബ്യ എണ്ണ ഉല്‍പാദിപ്പിച്ചത്.
ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ത്തുന്നതിന് ശ്രമിച്ച് ഉല്‍പാദനം കുറക്കുന്നതിന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉല്‍പാദകരും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം നിശ്ചയിക്കപ്പെട്ട സഊദിയുടെ ക്വാട്ടയേക്കാള്‍ കുറവാണ് മെയിലെ ഉല്‍പാദനം. ഒപെക് പ്ലസ് കരാര്‍ പ്രകാരം സഊദിയുടെ പ്രതിദിന ഉല്‍പാദന ക്വാട്ട 10.3 ദശലക്ഷം ബാരലാണ്. ഒപെക് പ്ലസ് കരാര്‍ ചട്ടക്കൂടിനകത്തു ഒതുങ്ങിനിന്നാണ് മെയില്‍ സഊദി അറേബ്യ ഉല്‍പാദനം ഉയര്‍ത്തിയത്.
ഈ വര്‍ഷം ആദ്യത്തെ നാലു മാസത്തിനിടെ സഊദി അറേബ്യയുടെ പ്രതിദിന എണ്ണയുല്‍പാദനത്തില്‍ 5,10,000 ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്. ഏപ്രിലില്‍ പ്രതിദിനം ശരാശരി 98 ലക്ഷം ബാരല്‍ തോതിലാണ് സഊദി അറേബ്യ എണ്ണ ഉല്‍പാദിപ്പിച്ചത്. 2018 ല്‍ ഇത് 10.317 ദശലക്ഷം ബാരലായിരുന്നു.
ഏപ്രിലില്‍ ഒപെക് രാജ്യങ്ങളുടെ ആകെ പ്രതിദിന എണ്ണ ഉല്‍പാദനം 30.031 ദശലക്ഷം ബാരലായിരുന്നു. മാര്‍ച്ചില്‍ ഇത് 30.034 ദശലക്ഷം ബാരലായിരുന്നു. ആഗോള വിപണിക്കാവശ്യമായ എണ്ണയുടെ നാല്‍പതു ശതമാനവും നല്‍കുന്നത് ഒപെക് രാജ്യങ്ങളാണ്. സഊദി അറേബ്യക്കു പുറമെ ഇറാഖും ലിബിയയും കഴിഞ്ഞ മാസം എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചു. എന്നാല്‍ ചില രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പാദനം കുറഞ്ഞതിനാല്‍ ഒപെക്കിന്റെ ആകെ ഉല്‍പാദനത്തില്‍ മാറ്റം വന്നിട്ടില്ല. അതേസമയം സഊദി അറേബ്യ പ്രതിദിന ഉല്‍പാദനത്തില്‍ 1,70,000 ബാരലിന്റെ വര്‍ധനവ് വരുത്തിയെങ്കിലും ഒപെക്കിനു കീഴിലെ പതിനാലു രാജ്യങ്ങളുടെയും ആകെ ഉല്‍പാദനം 30.26 ദശലക്ഷം ബാരല്‍ തോതില്‍ മാറ്റമില്ലാതെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."