ഹിജ്‌റയാത്രയും നബിയുടെ ആസൂത്രണങ്ങളും
ഏതൊരു കാര്യം ചെയ്യുമ്പോഴും ആസൂത്രണങ്ങളും ആവിഷ്‌കാരങ്ങളും ക്രമീകരണങ്ങളും വേണമെന്നതാണ് ഇസ്‌ലാമിന്റെയും പ്രവാചക തിരുമേനിയുടെയും അധ്യാപനം. ചില യാദൃച്ഛിക സംഭവങ്ങള്‍ ഒഴിവാക്കി നിര്‍ത്തിയാല്‍ മുഴുവന്‍ പ്രവാചകന്മാരുടെയും ജീവിതാധ്യാപനങ്ങള്‍ ഇങ്ങനെത്തന്നെയാണ്. ക്രമീകരണങ്ങളുണ്ടാകുമ്പോഴേ കാര്യങ്ങള്‍ ഫലപ്രദവും സുഗമവും വിജയകരവുമാവുകയുള്ളുവല്ലോ.
ഇസ്‌റാഉം മിഅ്‌റാജുമെന്ന നിശാപ്രയാണ-വാനാരോഹണ സംഭവത്തിന് തിരുനബി (സ) യാതൊരുവിധ തയ്യാറെടുപ്പും ക്രമീകരണവും ചെയ്തിരുന്നില്ല. അങ്ങനെയൊരു വിഷയം മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുമില്ലായിരുന്നു. ബൈത്തുല്‍ മഖ്ദിസിലെത്തി പ്രവാചകന്മാര്‍ക്കൊന്നടങ്കം ഇമാമായി നമസ്‌കരിക്കുകയും തുടര്‍ന്ന് ഒരു ഗോളാന്തര യാത്ര നടത്തുകയും പ്രാപഞ്ചിക രഹസ്യങ്ങളുടെ നിഗൂഢമായ ഉള്ളറകളിലേക്ക് ഊളിയിടുന്ന ചില ദൃശ്യങ്ങള്‍ കാണുകയുമായിരുന്നു ലക്ഷ്യം. ഇതില്‍ ഉദ്യമത്തിന്റെ സുപ്രധാന ഭാഗമായ ഗോളാന്തര യാത്രക്കുള്ള ക്രമീകരണങ്ങള്‍ സ്വന്തമായി ചെയ്യുക തീര്‍ത്തും അസാധ്യമായിരുന്നു. അതുകൊണ്ട് അല്ലാഹു ബുറാഖ് എന്ന പ്രത്യേക വാഹനം തല്‍ക്ഷണം ഏര്‍പ്പാട് ചെയ്തു.
മൂസാനബി ചെങ്കടലിന്നു മുന്നിലെത്തിയപ്പോഴും സ്ഥിതി ഇതു തന്നെയായിരുന്നു. പില്‍കാലത്ത് -ഒന്നര നൂറ്റാണ്ടു മുന്‍പ്- സൂയസ് കനാല്‍ കുഴിച്ചുണ്ടാക്കപ്പെട്ട കര ഭാഗത്തു കൂടി സീനാ ഉപ ദ്വീപിലേക്കും തുടര്‍ന്ന് വാഗ്ദത്ത ഭൂമിയിലേക്കും പ്രവേശിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, രാത്രി ഇരുട്ടില്‍ സ്വല്‍പം ദിശതെറ്റി വലത്തോട്ട് തിരിഞ്ഞതിനാല്‍ സൂയസ് ഉള്‍ക്കടലിന്നു മുന്നിലാണ് എത്തിയത്. അതിനാല്‍, കല്‍പന പ്രകാരം വടിയെടുത്തടിച്ചപ്പോള്‍ തല്‍ക്ഷണം കടല്‍ പിളര്‍ന്ന് അതിലൂടെ സഞ്ചരിച്ച് മറുകരയെത്തി. ഇബ്‌റാഹീം നബി (അ) അഗ്നികുണ്ഡത്തിലെറിയപ്പെട്ടപ്പോഴും പശ്ചാത്തലം ഇങ്ങനെത്തന്നെ.
ഏതൊരു സംരംഭത്തിനു തയാറെടുക്കുകയാണെങ്കിലും ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളും വേണം. ധിക്കാരികളും ഏകാധിപതികളുമായിരുന്ന ഫറോവമാരുടെ സാമ്രാജ്യം അല്ലാഹു തകര്‍ത്തെറിഞ്ഞത് ഇങ്ങനെയായിരുന്നുവെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. നീണ്ട വര്‍ഷങ്ങളിലൂടെയാണ് ഈ ആസൂത്രിത സംഭവങ്ങള്‍ സാക്ഷാല്‍കൃതമായി ഇസ്രാഈല്യര്‍ പ്രതാപശാലികളായത്.
ഇസ്‌ലാമിക കലണ്ടറിനു നിദാനമായ ഹിജ്‌റ യാത്രക്കു വേണ്ടി പ്രവാചകതിരുമേനി ദീര്‍ഘ ദൃഷ്ടിയോടെയുള്ള സമര്‍ഥമായ ആസൂത്രണങ്ങള്‍ ചെയ്തിരുന്നു എന്നത് ഇത്തരുണത്തില്‍ ചിന്തോദ്ദീപകമാണ്. ശത്രുക്കളുടെ ആയിരമായിരം കണ്ണുകള്‍ പരതിത്തെരഞ്ഞ് നടന്നിട്ടും ആരുടേയും പിടിയിലകപ്പെടാതെ മക്കയില്‍ നിന്ന് നാനൂറ്റി അമ്പത് കിലോമീറ്റര്‍ വടക്കുള്ള മദീനയില്‍ വിജയകരമായി എത്തിച്ചേര്‍ന്നു എന്ന അദ്ഭുതം സംഭവിച്ചത് ഈ ആസൂത്രണങ്ങളിലെ അതിസമര്‍ഥമായ മികവുകാരണമായിരുന്നു.
സത്യവിശ്വാസികള്‍ക്ക് സ്വന്തം നാട്ടില്‍ നില്‍ക്കപ്പൊറുതിയില്ലാതായപ്പോള്‍ രണ്ട് തവണയായി നബി(സ) ഏതാനും അനുയായികളെ അബ്‌സീനിയയിലേക്കയച്ചു. കുറേ കഴിഞ്ഞ് മക്കയില്‍ സ്വസ്ഥതയും സമാധാനവും കൈവന്നിരിക്കുന്നു എന്ന തെറ്റായ വിവരം ലഭിച്ചതിനെതുടര്‍ന്ന് അവര്‍ മടങ്ങിയെത്തി. എന്നാല്‍, ഖുറൈശിന്റെ അക്രമ-മര്‍ദന-പീഡനങ്ങള്‍ ശതഗുണീഭവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അനുയായികളെ നബി(സ) മദീനയിലേക്കയക്കാന്‍ തുടങ്ങി. അവരുടെ ഹൃദ്യമായ ക്ഷണം നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നു.
ബന്ധുക്കളുടെ നിര്‍ബന്ധിത വലയത്തിലുണ്ടായിരുന്ന വൃദ്ധരും സ്ത്രീകളും മറ്റുമായ പരാശ്രിതര്‍ ഒഴികെയുള്ള മുഴുവന്‍ വിശ്വാസികളും മദീനയിലെത്തിയപ്പോള്‍ നബി(സ)യും സ്വിദ്ദീഖ് (റ)വും വളരെ സുചിന്തിതമായ ആസൂത്രണങ്ങളോടെ ഹിജ്‌റക്കു തയ്യാറായി. നുബുവ്വത്തിന്റെ പതിനാലാം വര്‍ഷം സ്വഫര്‍ 27-ാം തിയ്യതി (ക്രിസ്ത്വബ്ദം 622-സപ്തംബര്‍ 13-ാനു)യാണ് പുറപ്പാട്. അതിന്റെ തൊട്ടുമുന്‍പുള്ള ദിവസമാണ് ഖുറൈശ് യോഗം ചേര്‍ന്ന് നബിയെ വെട്ടിക്കൊല്ലാന്‍ തീരുമാനിച്ചത്. ജിബ്‌രീല്‍ വന്ന് വിവരമറിയിക്കുകയും രാത്രി തന്നെ നാടുവിടാന്‍ കല്‍പിക്കുകയും ചെയ്തു.
കൊടും ചൂടില്‍ ഉച്ചക്കു അല്‍പം മുന്‍പായി മുഖം മറച്ച് നബി(സ) സ്വിദ്ദീഖി(റ)ന്റെ വീട്ടിലെത്തി വിവരം കൈമാറി. സുപ്രധാനമായ കുറേ ആസൂത്രണങ്ങള്‍ അവിഷ്‌കരിച്ചു. സ്വന്തം വീട്ടില്‍ രാത്രി തങ്ങരുതെന്നും പിതൃവ്യപുത്രനും ജാമാതാവുമായ അലിയ്യുബ്‌നു അബീത്വാലിബിനെ സ്വന്തം വിരിപ്പില്‍ ഉറങ്ങാന്‍ ഏര്‍പ്പാടാക്കണമെന്നുമായിരുന്നു പ്രഥമവും പ്രധാനവുമായ തീരുമാനം. തന്നെയും കൂടെക്കൂട്ടണമെന്നും തന്റെ കൈവശമുള്ള രണ്ടിലൊരു ഒട്ടകം സ്വീകരിക്കണമെന്നും സ്വിദ്ദീഖ് (റ) അപേക്ഷിച്ചു. എന്നാല്‍, വിലവാങ്ങിക്കൊണ്ടു മാത്രം സ്വീകരിക്കാമെന്ന് നബി നിലപാട് വ്യക്തമാക്കി.
ആസൂത്രണമനുസരിച്ച് നബി(സ) അലി(റ)യെ വിളിച്ചുവരുത്തി വിവരങ്ങള്‍ പറഞ്ഞു. സര്‍വരുടെ കണ്ണിലും സമ്പൂര്‍ണ വിശ്വസ്തനായിരുന്നതിനാല്‍ ശത്രുചേരിയിലുള്ളവരുള്‍പ്പെടെ ഒട്ടേറെപ്പേരുടെ സൂക്ഷിപ്പുവസ്തുക്കളും ധനവും നബിയുടെ കൈവശമുണ്ടായിരുന്നു. വിശദ വിവരങ്ങള്‍ സഹിതം അവയോരോന്നും ഉടമകള്‍ക്കു തിരിച്ചുനല്‍കാന്‍ അലിയെ ഏല്‍പിച്ചു. തന്റെ കിടപ്പിടത്തില്‍ ഉറങ്ങാനും ഏര്‍പാടാക്കി.
മക്കയില്‍നിന്ന് 450 കിലോമീറ്റര്‍ വടക്കുഭാഗത്താണ് മദീന. മക്കാപട്ടണം നിദ്രയിലാണ്ടു നിശ്ശബ്ദമായ ശേഷം ഇരുട്ടിന്റെ മറവില്‍ വീട്ടില്‍ നിന്നിറങ്ങാനാണ് തീരുമാനം. പക്ഷേ, അപ്പോഴേക്ക് ശത്രുക്കള്‍ വീട് വളഞ്ഞുകഴിഞ്ഞിരുന്നു. തൊട്ടടുത്ത് പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് പുറത്തുവരുമ്പോള്‍, എല്ലാ ഗോത്രത്തിന്റെയും പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വീരശൂരപരാക്രമികള്‍ ഒറ്റക്കെട്ടായി വെട്ടിക്കൊല്ലുക-ഇതാണ് പദ്ധതി.
ശുത്രുക്കളെ കണ്ട നബി ഒരുപിടി മണലെടുത്ത് യാസീന്‍ സൂറയുടെ ആദ്യസൂക്തങ്ങള്‍ (1-9) ഓതി എറിഞ്ഞു. മണല്‍ത്തരികള്‍ കണ്ണില്‍ വീണപ്പോള്‍ അവരതു തുടച്ച് വൃത്തിയാക്കുന്നതിനിടയില്‍ നബി പുറത്തിറങ്ങിപ്പോയി. 'അങ്ങ് എറിഞ്ഞപ്പോള്‍ ആ മണല്‍ വിക്ഷേപം നടത്തിയത് താങ്കളല്ല, പ്രത്യുത അല്ലാഹുവാണ് എറിഞ്ഞത്'. (ഖുര്‍.8:17).
മക്കയില്‍ നിന്നു വടക്കോട്ടു പോകേണ്ടതിനു പകരം പതിനൊന്നു കീലോമീറ്റര്‍ തെക്കുഭാഗത്തുള്ള സൗറ് മലയിലെ ഗുഹയില്‍ മൂന്ന് ദിവസം തങ്ങാനും നേരത്തെ തീരുമാനിച്ചിരുന്നു. ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനായിരുന്നു ഇത്. ഒന്നാമതായി, വടക്കോട്ടുപോകേണ്ട നബി എതിര്‍ ദിശയിലേക്ക് പോകില്ലെന്ന് അവര്‍ക്കറിയാം. രണ്ടാമതായി, മൂന്നുനാള്‍ പിന്നിട്ടുകഴിയുമ്പോള്‍, വിദൂരതകളിലെത്തിയിരിക്കാമെന്നും ഇനി പിടികൂടാനാകില്ലെന്നും വച്ച് അവര്‍ പിന്തിരിയും.
ഇങ്ങനെയൊക്കെയാണെങ്കിലും മക്കയിലെ സര്‍വ മുക്കുമൂലകളും അവര്‍ അരിച്ചു പെറുക്കി. നിമ്‌നോന്നതങ്ങളത്രയും ഇറങ്ങിക്കയറി. ഗുഹകളെല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തി. മദീനയുടെ ഭാഗത്തേക്ക് കൂട്ടയോട്ടം തന്നെയായിരന്നു. അഹമഹമികയാ രംഗത്തിറങ്ങിയ ചുണക്കുട്ടികള്‍ നൂറൊട്ടകമെന്ന സ്റ്റേറ്റ് റിവാര്‍ഡിനായി നാടെങ്ങും പരക്കം പാഞ്ഞു. പക്ഷേ, ഫലം നാസ്തി!
തിരുനബിയും സ്വിദ്ദീഖും സ്വന്തം വീട്ടില്‍ നിന്നിറങ്ങി വഴിക്കുവെച്ച് സന്ധിക്കുകയും ഇരുട്ടിന്റെ മറവില്‍ കാല്‍നടയായി സമുദ്രനിരപ്പില്‍ നിന്ന് 748 മീറ്റര്‍ പൊക്കമുള്ള സൗറ് മലയിലെ ഗുഹയിലെത്തുകയും ചെയ്തു. തങ്ങള്‍ക്കു യാത്രചെയ്യാനുള്ള ഒട്ടകങ്ങളെ മൂന്ന് നാള്‍ പരിപാലിക്കാനും നാലാം ദിവസം അവയുമായി സൗറ് ഗുഹയിലെത്താനും അബ്ദുല്ലാഹിബ്‌നു ഉര്‍ഖുദ് (ചില നിവേദനങ്ങളില്‍ ഉര്‍ഖുദിനു പകരം ഉറൈഖിഥ് എന്നാണുള്ളത്) എന്ന വ്യക്തിയെ ഏര്‍പ്പാടാക്കിയിരുന്നു.
കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മരുഭൂമിയിലെ നിഗൂഢമായ ചവിട്ടുപാതകള്‍ നന്നായറിയുന്ന അതി വിദഗ്ധനായൊരു വഴികാട്ടിയാണ് ഉര്‍ഖുദ്. ബഹുദൈവ വിശ്വാസിയാണെങ്കിലും കാര്യങ്ങളത്രയും പരമരഹസ്യമാക്കി വെക്കാന്‍ അവരാവശ്യപ്പെട്ടിരുന്നു. വിശ്വസിച്ചാല്‍ ചതിക്കുക എന്ന ആധുനികന്റെ സ്വഭാവം അക്കാലത്തുണ്ടായിരുന്നില്ല.ഇരുവര്‍ക്കും ഒരു ദിവസത്തേക്കാവശ്യമായ അന്നപാനാദികള്‍ സ്വിദ്ദീഖി (റ)ന്റെ പുത്രി അസ്മാ ബീവി ഒരു തോല്‍പാത്രത്തിലാക്കിക്കൊടുത്തിരുന്നു. അടുത്ത മൂന്നു സന്ധ്യകളിലും ഇങ്ങനെ തയ്യാറാക്കി എത്തിക്കാന്‍ ബീവിയെ ഏര്‍പാടാക്കി. കൂടാതെ തന്റെ മകന്‍ അബ്ദുല്ലയെ ഒരു സുപ്രധാന കാര്യം സ്വിദ്ദീഖ് (റ) ഏല്‍പിച്ചു: പകല്‍ സമയം മക്കാ നഗരത്തില്‍ ചുറ്റിക്കറങ്ങുകയും ജനങ്ങളുടെ നീക്കങ്ങള്‍ കൂലങ്കഷമായി നിരീക്ഷിക്കുകയും ചര്‍ച്ചകളും സംസാരങ്ങളും ശ്രവിക്കുകയും വേണം. നബിയുടെയും പിതാവിന്റെയും തിരോധാനത്തെ കുറിച്ച് എങ്ങനെയൊക്കെയാണവര്‍ വിലയിരുത്തുന്നത്, തെരച്ചില്‍ ഏതേതു ഭാഗങ്ങളിലേക്കാണ് വ്യാപിപ്പിച്ചിരിക്കുന്നത്, പുതിയ നിഗമനങ്ങളും ഊഹാപോഹങ്ങളുമെന്ത് എന്നൊക്കെ മനസ്സിലാക്കി വിവരങ്ങള്‍ രാത്രി ഗുഹയിലെത്തിച്ചുകൊടുത്ത് ഉണ്മ പ്രഭാതത്തിനു മുന്‍പേ മക്കയില്‍ തിരിച്ചെത്തണം.
ആമിറുബ്‌നു ഫുഹൈറ എന്ന ആട്ടിടയനായ ഒരടിമയുണ്ടായിരുന്നു സ്വിദ്ദീഖി (റ)ന്ന്. അയാള്‍ക്കുമുണ്ട് നിര്‍ണായക ദൗത്യം: തന്റെ ആട്ടിന്‍ പറ്റങ്ങളെ സൗറ് മലയുടെ ചരിവുകളില്‍ സാധാരണ പോലെ മേയാന്‍ വിടണം. സന്ധ്യയാകുമ്പോള്‍ ഗുഹാമുഖത്തെത്തിച്ച് ആവശ്യമായ പാല്‍ കറന്ന് കൊടുക്കുകയും ഭക്ഷണാവശ്യത്തിന് അറുത്ത് പാകം ചെയ്യുകയും വേണം. ഒട്ടേറ ആട്ടിന്‍പറ്റങ്ങളും ഇടയന്മാരുമുള്ളൊരു നാട്ടില്‍ ഇതിലൊന്നും അശേഷം സംശയം ഒരാള്‍ക്കുമുണ്ടാകുമായിരുന്നില്ല. ആസൂത്രണം ചെയ്യപ്പെട്ട പ്രകാരം ശാന്തവും സുന്ദരവുമായി കാര്യങ്ങളൊക്കെ നടന്നു. കുന്തം പോയാല്‍ കുടത്തിലും തെരയണമെന്ന സിദ്ധാന്തമനുസരിച്ച് വടക്കോട്ടുപോകേണ്ട നബിയെ തെക്കോട്ടുള്ള സൗറ് മലയിലും തെരയാന്‍ അവരെത്തിയിരുന്നു. എന്നാല്‍, ഗുഹാമുഖത്ത് പുരാതനമായ ചിലന്തിവലകളും മുട്ടയിട്ട് അടയിരിക്കുന്ന പ്രാവുകളെയും ഏര്‍പാടാക്കി അല്ലാഹു സുരക്ഷയേകി.
യാത്രക്കാരും സാര്‍ഥവാഹക സംഘങ്ങളും സാധാരണ ഉപയോഗിക്കുന്നതല്ലാത്ത മറ്റൊരു സമാന്തര വഴിയിലൂടെ പോകാന്‍ നബി എടുത്ത തീരുമാനം പ്രത്യേകം പ്രസ്താവ്യമാണ്. ഈ വഴി ഇടക്കൊക്കെ പ്രധാന സഞ്ചാരമാര്‍ഗം മുറിച്ചുകടക്കുന്നുമുണ്ടായിരുന്നു. അന്വേഷകരാരെങ്കിലുമുണ്ടോ എന്ന് പരന്ന് കിടക്കുന്ന മരുഭൂമിയില്‍ ദൂരെനിന്നുതന്നെ കാണാന്‍ സഹായകമായിരുന്നു ഈ തന്ത്രം.
ഏതായാലും, വെട്ടിക്കൊല്ലാന്‍ ദൃഢപ്രതിജ്ഞയെടുത്തു വാളൂരിപ്പിടിച്ചുവന്നു വീടുവളഞ്ഞ ശത്രുക്കളുടെ മുന്നിലൂടെ വീട്ടില്‍ നിന്നിറങ്ങിയ തിരുനബി സഹയാത്രികരായ അബൂബക്കര്‍ സ്വിദ്ദീഖ്, ആമിറുബ്‌നു ഫുഹൈറ, അബ്ദുല്ലാഹി ബ്‌നു ഉറൈഖിദ് എന്നിവര്‍ക്കൊപ്പം നാനൂറ്റമ്പത് കിലോമീറ്റര്‍ മരുഭൂമിയിലൂടെ യാത്രചെയ്ത് പന്ത്രണ്ട് ദിവസങ്ങള്‍ക്കു ശേഷം ക്രി. 622 സപ്ത. 24 റബീഉല്‍ അവ്വല്‍ 12 ന് മദീനക്കടുത്ത ഖുബായിലെത്തി. നാട്ടുകാര്‍ അനിര്‍വചനീയവും സ്‌നേഹോഷ്മളവും രാജകീയവുമായ സ്വീകരണമാണ് നബി(സ) ക്കു നല്‍കിയത്. ഈ ഹിജ്‌റ നിദാനമാക്കിയാണ് ഹ. ഉമര്‍ (റ)ന്റെ ഭരണകാലം മുതല്‍ ഇസ്‌ലാമിക കലണ്ടറിന് രൂപകല്‍പന ചെയ്ത് പ്രയോഗത്തില്‍ വരുത്തിയത്.
വിശ്വാസവും ആദര്‍ശവും സംരക്ഷിക്കാന്‍ ഏതുതരം ത്യാഗം സഹിക്കാനും സത്യവിശ്വാസി തയ്യാറാകണമെന്ന അമൂല്യ സന്ദേശമാണ് ഹിജ്‌റ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."