യാത്രക്കാര്‍ക്ക് പള്ളികളില്‍ നിസ്‌കാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം: ഹൈദരലി തങ്ങള്‍
മലപ്പുറം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നിര്‍ബന്ധ നിസ്‌കാരങ്ങള്‍ സമയത്തിനകം നിര്‍വഹിക്കുന്നതിന് ഹോട്ട്‌സ്‌പോട്ടുകളും കണ്ടൈമെന്റ് സോണുകളിലും ഉള്‍പ്പെടാത്ത ദേശീയ-സംസ്ഥാന പാതയോരങ്ങളിലെയും പ്രധാന നഗരങ്ങളിലെയും പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രത്യേക സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എല്ലാ മഹല്ല് ജമാഅത്തുകളോടും ആഹ്വാനം ചെയ്തു.
കൊവിഡ് പശ്ചാത്തലത്തില്‍ സംഘടിത നിസ്‌കാരങ്ങള്‍ക്ക് വേണ്ടി മാത്രമായി തുറക്കുന്ന പള്ളികള്‍ അത് കഴിഞ്ഞ ഉടനെ അടക്കുകയും പല പള്ളികളിലും മഹല്ലിന് പുറത്തുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നത് കാരണം ദീര്‍ഘദൂര യാത്രക്കാരായ പലര്‍ക്കും നിസ്‌കാരം സമയത്തിനകം നിര്‍വഹിക്കപ്പെടാന്‍ കഴിയാതെ ഖളാഅ് ആകുന്നതായി ആക്ഷേപം നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ അല്ലാഹുവിന്റെ വിശുദ്ധ ഭവനങ്ങള്‍ മാത്രം വിശ്വാസികള്‍ക്ക് മുന്നില്‍ ഇനിയും കൊട്ടിയടക്കുന്നത് ഒരിക്കലും ശരിയല്ല. ഇത് മനസ്സിലാക്കി നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് എത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അംഗശുദ്ധി വരുത്തുന്നതിനും നിസ്‌കരിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യം പള്ളിയോടനുബന്ധിച്ച് ചെയ്തുകൊടുക്കണം.
പള്ളി കേന്ദ്രീകരിച്ചുള്ള സംഘടിത നിസ്‌കാരങ്ങളിലും മറ്റു ആരാധനാ കര്‍മങ്ങളിലും വിശ്വാസികളുടെ താല്പര്യം കുറഞ്ഞു വരുന്ന സാഹചര്യം ഗൗരവത്തോടെ വിലയിരുത്തി പരിഹാരം കാണണമെന്നും എല്ലാ മഹല്ല് ജമാഅത്തുകളോടും തങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."