മുസ്‌ലിം കലണ്ടര്‍ വിദ്യാലയങ്ങള്‍ക്ക് ഇരുട്ടടിയായി പ്രവേശനോത്സവം
10ന് തുറക്കുന്ന സ്‌കൂളുകളിലും ഇന്നലെ പ്രവേശനോത്സവം നടത്തണമെന്ന പെട്ടെന്നുള്ള നിര്‍ദേശമാണ് വിനയായത്
കെ.മുബീന
കണ്ണൂര്‍: സംസ്ഥാനത്ത് മുസ്‌ലിം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ വെട്ടിലാക്കി പ്രവേശനോത്സവം. സംസ്ഥാനതല പ്രവേശനോത്സവത്തോടൊപ്പം മുസ്‌ലിം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും പരിപാടി നടത്തണമെന്ന് സര്‍ക്കാര്‍ പെട്ടെന്ന് ഇറക്കിയ നിര്‍ദേശമാണ് വിനയായത്. മുസ്‌ലിം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ 10 നാണ് തുറക്കുന്നത്. പ്രവേശനോത്സവം മുന്‍ നിശ്ചയ പ്രകാരം 10നു നടത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംസ്ഥാനതല പ്രവേശനോത്സവത്തോടൊപ്പം മുസ്‌ലിം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും പരിപാടി നടത്തണമെന്ന സന്ദേശം എത്തുന്നത്. ഞൊടിയിടയില്‍ ഉണ്ടായ തീരുമാനത്തില്‍ എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലായിരുന്നു അധ്യാപകരും രക്ഷിതാക്കളും.
മുസ്‌ലിം കലണ്ടര്‍ സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ഏപ്രില്‍ എട്ടിന് തുടങ്ങി 16ന് ആയിരുന്നു അവസാനിച്ചത്. ഏപ്രില്‍ 17 മുതലാണ് വേനലവധി തുടങ്ങിയത്. മുന്‍പ് നിശ്ചയിച്ച പ്രകാരം ഈ മാസം 10ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനായിരുന്നു പദ്ധതി. ഇക്കാര്യമറിയിച്ചു പൊതു വിദ്യാഭ്യാസ അഡീഷനല്‍ ഡയരക്ടരുടെ നിര്‍ദേശം എല്ലാ പ്രധാന അധ്യാപകര്‍ക്കും എത്തിയിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ആറിന് തന്നെ പ്രവേശനോത്സവം സംഘടിപ്പിക്കണമെന്ന നിര്‍ദേശമെത്തുന്നത്.
ഇതോടെ ധൃതിപിടിച്ച് ചിലയിടങ്ങളില്‍ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും ചുരുക്കം ചില സ്‌കൂളുകളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ ഹാജരായത്. പിന്നീട് അധ്യാപകരുടെയും പി.ടി.എകളുടെയും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കുലര്‍ പ്രകാരം വീണ്ടും 10നു പ്രവേശനോത്സവം നടത്താമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചുവെന്നാണ് അധ്യാപകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."