നിപായെ പ്രതിരോധിച്ച നഴ്‌സ് റൂബി സജ്‌നയ്‌ക്കെതിരേ സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണം
കോഴിക്കോട്: നിപായെ അതിജീവിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലി ചെയ്ത നഴ്‌സ് റൂബി സജ്‌നയ്ക്ക് നേരെയും സംഘ്പരിവാര്‍ ആക്രമണം. കൊച്ചിയില്‍ നിപാ ബാധ സ്ഥിരീകരിച്ചപ്പോള്‍ മുന്‍പ് നടന്ന പ്രതിരോധ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിവരിച്ച് റൂബി സജ്‌ന ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ഗീയവും അധിക്ഷേപകരവുമായ പോസ്റ്റുകളിലൂടെ അവര്‍ക്കെതിരേ സംഘപ്‌രിവാറിന്റെ സൈബര്‍ ആക്രമണമുണ്ടായത്. നിപാ ചികിത്സയുടെ മറവില്‍ ചതിക്കുമെന്നാണ് റൂബി സജ്‌നയുടെ ഫോട്ടോ സഹിതം ലാല്‍ ലാലു എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇവള്‍ ചതിക്കും മുസ്‌ലിം ജിഹാദിച്ചി' എന്ന തലക്കെട്ടോടെയാണ് പോസ്റ്റിട്ടത്. മറ്റു നിരവധി പേരും അശ്ലീലവും വര്‍ഗീയവുമായ ആക്ഷേപങ്ങളുമായി പോസ്റ്റിട്ടിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സാണ് സിസ്റ്റര്‍ റൂബി സജ്‌ന. കഴിഞ്ഞ വര്‍ഷം കോഴിക്കോട് പടര്‍ന്നു പിടിച്ച നിപാ രോഗത്തെ ചെറുത്തു തോല്‍പ്പിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു ഇവര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപാ ബാധിച്ചവര്‍ക്കായുള്ള തീവ്രപരിചരണ മുറിയില്‍ ജീവന്‍ പണയപ്പെടുത്തി ജോലിയെടുത്തത് ഇവരും സഹപ്രവര്‍ത്തകരുമായിരുന്നു. സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ അനുഭവത്തെക്കുറിച്ചും കോഴിക്കോട് എങ്ങിനെ ഒരുമിച്ച് നിന്ന് മഹാമാരിയെ കീഴ്‌പ്പെടുത്തി എന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
വര്‍ഗീയവിദ്വേഷം വളര്‍ത്തുന്നതും സ്ത്രീത്വത്തെയും തൊഴിലിനെയും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചരണങ്ങള്‍ക്കെതിരേ ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് റൂബി സജ്‌ന. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കൂടിയായ റൂബി സജ്‌നയ്‌ക്കെതിരേ നടക്കുന്ന മനുഷ്യത്വരഹിതമായ സൈബര്‍ ആക്രമണത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. മുന്നില്‍ വരുന്ന രോഗികളുടെ ജാതിയോ മതമോ രാഷ്ട്രിയമോ നോക്കിയല്ല തങ്ങള്‍ നഴ്‌സുമാര്‍ വേണ്ട പരിചരണവും ശ്രദ്ധയും കൊടുക്കുന്നതെന്നതുള്‍പ്പെടെ നഴ്‌സിങ് മേഖലയില്‍ നിന്നുള്ളവരുടെ പ്രതിഷേധക്കുറിപ്പുകളും പുറത്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."