സി.ബി.ഐയെ വിലക്കാന്‍ പി.ബിയുടെ പച്ചക്കൊടി പൊതുസമ്മതപത്രം റദ്ദാക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തംനിലയ്ക്ക് കേസ് അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ വിലക്കാനുള്ള രാഷ്ട്രീയ തീരുമാനത്തിന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ പച്ചക്കൊടി. ഇതോടെ സംസ്ഥാനം സി.ബി.ഐക്ക് നല്‍കിയിട്ടുളള പൊതുസമ്മതപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം ഇത് വിജ്ഞാപനമായി ഇറക്കാനാണ് ആലോചന. സി.ബി.ഐയെ വിലക്കുന്നതില്‍ തടസമില്ലെന്ന് വ്യക്തമാക്കി സര്‍ക്കാരിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. സി.ബി.ഐയെ പൂര്‍ണമായും വിലക്കാനല്ല സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്രകാരം സി.ബി.ഐക്ക് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യാം. എന്നാല്‍, ആരുടെയെങ്കിലും പരാതിയില്‍ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ പോകുന്നത്. സി.ബി.ഐയെ വിലക്കാന്‍ സര്‍ക്കാരിന് പുതിയ നിയമനിര്‍മാണം നടത്തേണ്ടതിലെന്നും മന്ത്രിസഭ തീരുമാനിച്ചാല്‍ മതിയെന്നുമാണ് എ.ജിയും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നല്‍കിയിരിക്കുന്ന നിയമോപദേശം.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സി.പി.ഐയും നേരത്തെതന്നെ സി.ബി.ഐയെ വിലക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ അനില്‍ അക്കരയുടെ പരാതിയില്‍ സി.ബി.ഐ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തുന്നതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. 2017ലാണ് കേസുകള്‍ സ്വമേധായ ഏറ്റെടുക്കാനുളള പൊതുസമ്മതപത്രം സി.ബി.ഐക്ക് സര്‍ക്കാര്‍ അവസാനമായി നല്‍കിയത്. വിലക്കുവന്നാല്‍ പുതുതായി വരുന്ന കേസുകള്‍ക്ക് സി.ബി.ഐ പ്രത്യേക അനുവാദം വാങ്ങേണ്ടിവരും. സര്‍ക്കാര്‍ എതിര്‍ത്താല്‍ അന്വേഷണത്തിനായി സി.ബി.ഐക്ക് കോടതിയെ സമീപിക്കേണ്ടിവരും. കോടതിയുടെ ഇടപെടലില്‍ സി.ബി.ഐ എത്തിയാല്‍ വിലക്ക് ഏര്‍പ്പെടുത്തിയാലും അന്വേഷണത്തെ തടയാനാകില്ല. സി.ബി.ഐയെ വിലക്കണമെന്ന നിലപാടിലേക്ക് നയിച്ച ലൈഫ് മിഷന്‍ അന്വേഷണം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയില്‍ വിലക്കിലേക്ക് സംസ്ഥാനം കടന്നാല്‍ നിയമയുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. അടുത്തകാലത്ത് ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ സി.ബി.ഐയുടെ സ്വതന്ത്ര അന്വേഷണത്തിനുള്ള അനുമതി റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."