നീലേശ്വരം പാലം പുതുക്കില്ല; പകരം ബലപ്പെടുത്തും
നീലേശ്വരം: അപകടാവസ്ഥയിലായ നീലേശ്വരം പാലം പുതുക്കി പണിയില്ല. തല്‍ക്കാലം തൂണുകള്‍ ബലപ്പെടുത്തും. ഇതിനുള്ള പ്രവര്‍ത്തികള്‍ ഈ ആഴ്ച തുടങ്ങും. നെറ്റും സിമന്റും എം സാന്റും ഉപയോഗിച്ച് ഖനൈറ്റിങ് നടത്തിയാണ് തൂണുകള്‍ ബലപ്പെടുത്തുക. നാലു തൂണുകളാണ് ഇത്തരത്തില്‍ ബലപ്പെടുത്തുക. ഇതിലൂടെ ഉപ്പുവെള്ളം കയറി തൂണുകള്‍ക്കു ബലക്ഷയം വരുന്നതു തടയാനാകുമെന്നാണ് കരുതുന്നത്.
രണ്ടാഴ്ച കൊണ്ട് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയപാതാ വിഭാഗമാണ് ഇതിനു തുക അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള പി.കെ കണ്‍സ്ട്രക്ഷനാണ് ബലപ്പെടുത്തല്‍ ചുമതല. 1957 ലാണ് നീലേശ്വരം പാലം നിലവില്‍ വന്നത്.
60 വര്‍ഷത്തിലധികം പഴക്കമുള്ള ഈ പാലത്തില്‍ കുലുക്കം അനുഭവപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടര്‍ന്നു വീണു കമ്പികള്‍ പുറത്തുകാണുന്ന സ്ഥിതിയാണുള്ളത്.
ഇതേ തുടര്‍ന്നു പ്രാഥമിക പരിശോധനനടത്തിയ പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ വിഭാഗം അധികൃതര്‍ പാലം അപകട ഭീഷണിയിലാണെന്നു കണ്ടെത്തിയിരുന്നു. ഈ പാലം പൊളിച്ചുകളഞ്ഞു പുതുക്കി പണിയുമ്പോള്‍ കോടികളുടെ ചെലവു വരും. അതുകൊണ്ടു തന്നെയാണു തല്‍ക്കാലം ബലപ്പെടുത്താന്‍ തീരുമാനിച്ചത്.
ദേശീയപാത നാലുവരിയാക്കുമ്പോള്‍ അതിന്റെ ഭാഗമായി പുതിയ പാലം പണിയാമെന്ന ആലോചനയാണ് അധികൃതരുള്ളത്. നിര്‍ദിഷ്ട കച്ചേരിക്കടവ് പാലം ഗതാഗതത്തിനു തുറന്നുകൊടുത്തതിനു ശേഷമേ ദേശീയപാതയില്‍ പാലം നിര്‍മാണം നടക്കൂ.
ബൈപ്പ ാസായി കച്ചേരിക്കടവ് പാലം ഉപയോഗിക്കാന്‍ കഴിയുമെന്നതു കൊണ്ടാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."