പ്രതിക്ക് പാക് ബന്ധം: എന്‍.ഐ.എ അന്വേഷിച്ചേക്കും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി കഴക്കൂട്ടം സ്വദേശിനി സെറീന ഷാജിക്ക് പാകിസ്താന്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് കേസ് എന്‍.ഐ.എ അന്വേഷിക്കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടതായാണ് സൂചന. ദുബൈയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സെറീന ഷാജിയുടെ പാകിസ്താന്‍ ബന്ധത്തെക്കുറിച്ച് ഡി.ആര്‍.ഐയുടെ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. പാകിസ്താന്‍കാരനായ നദീമാണ് സ്വര്‍ണക്കടത്ത് സംഘത്തിന് സെറീനയെ പരിചയപ്പെടുത്തി കൊടുത്തത്. ഇയാളാണ് സെറീനയുടെ ബ്യൂട്ടി പാര്‍ലറിലേക്ക് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവം ദേശസുരക്ഷയെക്കൂടി ബാധിക്കുമെന്നതിനാല്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ സ്വര്‍ണക്കടത്ത് സംഘത്തെ ദുബൈയില്‍ നിയന്ത്രിച്ചിരുന്ന ജിത്തുവും നദീമും സുഹൃത്തുക്കളായിരുന്നുവെന്നും സെറീന മൊഴി നല്‍കിയിട്ടുണ്ട്.
അതിനിടെ കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണനും ബിജുവിന്റെ സംഘവും ഏപ്രില്‍ 24നും മെയ് 13നും മധ്യേ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കടത്തിയെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു. മെയ് 13ന് രാധാകൃഷ്ണന്റെ സഹായത്തോടെ 25 കിലോ സ്വര്‍ണം കടത്തിയപ്പോഴാണു സുനില്‍കുമാറും സെറീനയും ഡി.ആര്‍.ഐയുടെ പിടിയിലാകുന്നത്. ദുബൈയില്‍ നിന്ന് മസ്‌കത്ത് വഴി തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വെയ്‌സിലാണ് ഇരുവരും സ്വര്‍ണവുമായി എത്തിയത്.
മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്‌സ്‌റേ പോയിന്റില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ സഹായം ലഭിച്ചതായും സെറീന വെളിപ്പെടുത്തിയിരുന്നു. അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയും ഇതേ മൊഴിയാണു നല്‍കിയത്. സഹപ്രവര്‍ത്തകരാരും അറിയാതെയായിരുന്നു സംഭവത്തിലെ മുഖ്യകണ്ണിയായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ നീക്കമെന്നും എഫ്.ഐ.ആറിലുണ്ട്. എക്‌സ്‌റേ പോയിന്റില്‍ ജോലി ചെയ്യാന്‍ രാധാകൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നതായി സഹപ്രവര്‍ത്തരും വെളിപ്പെടുത്തി. സ്വര്‍ണക്കടത്തു നടന്നപ്പോഴെല്ലാം രാധാകൃഷ്ണന്‍ എക്‌സ്‌റേ പോയിന്റില്‍ ഉണ്ടായിരുന്നതിനു സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ബിജുവിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, അബ്ദുല്‍ ഹക്കിം എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചില കസ്റ്റംസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഡി.ആര്‍.ഐ ചോദ്യം ചെയ്തു. ഇവര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ല. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ ഫോണ്‍ സിഡാക്കില്‍ പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. ഫലം ലഭിച്ചിട്ടില്ല. ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."