അന്ത്യോദയ: ഭക്ഷ്യധാന്യം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാനാകില്ല
തിരുവനന്തപുരം: അന്ത്യോദയ, അന്നയോജന വിഭാഗത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്ന 35 കിലോ ഭക്ഷ്യധാന്യം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിനല്‍കാന്‍ കഴിയില്ലെന്ന് സിവില്‍ സപ്ലൈസ് ഡയരക്ടര്‍ അറിയിച്ചു. ഇതുപോലെ മുന്‍ഗണനാ വിഭാഗത്തിന് അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യവും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാന്‍ കഴിയില്ല. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ഡയരക്ടര്‍ അറിയിച്ചു.
മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി ഫീല്‍ഡ്തല പരിശോധനകളിലൂടെ 3,16,960 കൂടുംബങ്ങളെ അനര്‍ഹരെന്നു കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അര്‍ഹതപ്പെട്ട കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണം തുടര്‍പ്രക്രിയ ആയതിനാല്‍ ഫീല്‍ഡ്തല പരിശോധനകള്‍ തുടരും. മൂന്നു മാസമായി റേഷന്‍ വാങ്ങാത്തവരുടെയും ഒരംഗം മാത്രമുള്ള കാര്‍ഡുകളുടെയും പട്ടിക ഫീല്‍ഡ്തല പരിശോധനകള്‍ക്ക് നല്‍കുന്നുണ്ട്.
ഇതില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്ന കുടുംബങ്ങള്‍ക്കു പകരം അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്ന നടപടി വകുപ്പ് സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്തിന് പ്രതിവര്‍ഷം 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രം അനുവദിക്കുന്നത്. റേഷന്‍ വിതരണം സുതാര്യവും കാര്യക്ഷമവുമായി നടക്കുന്നു. പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമാക്കിയതോടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ സാധനങ്ങളുടെ 95 ശതമാനത്തോളം പ്രതിമാസ വിനിയോഗമുണ്ടാകുന്നുണ്ടെന്നും ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."