ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ആവര്‍ത്തിച്ച് ജില്ലാ പ്രസിഡന്റുമാര്‍
കോട്ടയം: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാക്കണമെന്ന് ആവര്‍ത്തിച്ച് ജില്ലാ പ്രസിഡന്റുമാര്‍. ജോസ് കെ. മാണിയോട് കൂറുപുലര്‍ത്തുന്ന ജില്ലാ പ്രസിഡന്റുമാരും ഏതാനും മുന്‍ ജില്ലാ പ്രസിഡന്റുമാരുമാണ് പാലായിലെത്തി എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെട്ട പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ നടപടി ഉണ്ടാകണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ലയന സമയത്തെ ധാരണകളെ പൂര്‍ണമായും അട്ടിമറിച്ചാണ് ജോസഫ് വിഭാഗം മുന്നോട്ടു നീങ്ങുന്നത്. ലയന സമയത്തെ ധാരണപ്രകാരം പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി പദവികള്‍ മാണി വിഭാഗത്തിനാണെന്നും അതാരാണെന്ന് നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം അവരില്‍ നിക്ഷിപ്തമാണെന്നും ജോസഫ് വിഭാഗത്തിന് നിശ്ചയിക്കപ്പെട്ട പദവികളില്‍ ആരെ നിയോഗിക്കണം എന്നതിന്റെ പൂര്‍ണ അധികാരം അവര്‍ക്കായിരിക്കുമെന്നുമാണ് ലയന സമയത്തെ ധാരണ.
ഇതു ലംഘിച്ചാണ് മാണി വിഭാഗത്തിന് അവകാശപ്പെട്ട ചെയര്‍മാന്‍ പാര്‍ലമെന്ററി പാര്‍ട്ടി പദവികളില്‍ പി.ജെ ജോസഫ് സ്വയം അവരോധിക്കുന്നത്. കെ.എം മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ കഴിഞ്ഞ കുറേകാലങ്ങളായി ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടത്തിയ സമൂഹവിവാഹം, മഹാസമ്മേളനം തുടങ്ങിയ ചടങ്ങിന്റെയെല്ലാം ശോഭകെടുത്തുന്ന തരത്തില്‍ വിവാദ പ്രസ്താവനകളിലൂടെ പി.ജെ ജോസഫ് രംഗത്തു വന്നിരുന്നു. കേരള യാത്രയുടെ പതാക ജോസ് കെ. മാണിക്ക് കൈമാറിയതിനു ശേഷം യാത്രയ്ക്ക് എതിരായും ജോസഫ് തുടര്‍ച്ചയായ പ്രസ്താവനകളുമായി രംഗത്തു വന്നു. ഏറ്റവും ഒടുവില്‍ കെ.എം മാണിയോടോ പാര്‍ട്ടി നേതൃത്വത്തോടോ ആലോചിക്കാതെ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും മതമേലധ്യക്ഷന്മാരെയും മാധ്യമസ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് സ്ഥാനാര്‍ഥിത്വം ആവര്‍ത്തിക്കുകയും ചെയ്തു.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി.എഫ് തോമസിനെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ പേരില്‍ പി.ജെ ജോസഫിന് വ്യക്തമായ അജന്‍ഡയുണ്ട്. സി.എഫ് തോമസ് ചെയര്‍മാന്‍ ആകുന്നതിനേക്കാള്‍ ജോസ് കെ. മാണിയെ ഒരു കാരണവശാലും ചെയര്‍മാന്‍ ആക്കരുതെന്ന ഗൂഢലക്ഷ്യമാണ് ജോസഫ് വിഭാഗത്തിന്റെ നീക്കത്തിനു പിന്നിലെന്നും ജില്ലാ പ്രസിഡന്റുമാര്‍ അഭിപ്രായപ്പെട്ടു.
തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെട്ടു. പ്രശ്‌നം വഷളക്കാതെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇരു നേതാക്കളെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."