ഹര്‍ത്താല്‍ ആഹ്വാനം: പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എന്ത് അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും ഭരണഘടനാപദവി വഹിക്കുന്ന ആള്‍ക്ക് അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോയെന്നും കോടതി ആരാഞ്ഞു.
പെട്രോള്‍ വിലവര്‍ധനവിനെതിരേ 2017 ഒക്ടോബര്‍ 10ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരേയുള്ള ഹരജിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
ചെന്നിത്തലക്കെതിരേ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശി അഡ്വ. സോജന്‍ വര്‍ഗീസാണ് ഹരജി സമര്‍പ്പിച്ചത്. ഹര്‍ത്താല്‍ സമാധാനപരമായിരുന്നുവെന്നും 5.33 ലക്ഷം രൂപയുടെ നഷ്ടം മാത്രമേ ഉണ്ടായുള്ളുവെന്നുമായിരുന്നു ചെന്നിത്തലയുടെ വാദം. ഹര്‍ത്താല്‍ സമാധാനപരമായിരുന്നെങ്കില്‍ എന്തിനാണ് 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും സമാധാനപരമായിരുന്നുവെന്ന അവകാശവാദം ആരെങ്കിലും അംഗീകരിച്ചുവോയെന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."