ചേന്ദമംഗലത്തിന്റെ അതിജീവനം; 'ചേക്കുട്ടി പാവകളെ' ദത്തെടുത്ത് ഇന്‍ഫോ പാര്‍ക്ക്
കാക്കനാട്: പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലം കൈത്തറി വ്യവസായത്തെ അതിജീവിപ്പിക്കുന്നതിന്റെ ഭാഗമായി ചേക്കുട്ടി പാവകളെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഏറ്റെടുത്തു. നവകേരള നിര്‍മാണത്തിന് ടെക്കികളുടെ സമര്‍പണത്തിന്റെ പ്രതീകമായിട്ടാണ് ചേക്കുട്ടി പാവകളെ ദത്തെടുക്കുന്നത്.
നൂറിലധികം ചേക്കുട്ടി പാവകളെ ഏറ്റെടുക്കുന്ന ടെക്കികള്‍ക്ക് മുഖ്യമന്ത്രിയുടെ കൈയില്‍നിന്ന് അഭിനന്ദനപത്രവും ചേക്കുട്ടി പാവയും ലഭിക്കും. പാവകളെ ഏറ്റെടുക്കുന്ന പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേഷ് നായര്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന് ചേക്കുട്ടി പാവയെ കൈമാറി. ചെളിപുരണ്ട് വില്‍ക്കാന്‍ കഴിയാത്ത കൈത്തറി സാരികളില്‍നിന്നാണ് ചേക്കുട്ടിയുടെ ജനം. പ്രളയത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ചേന്ദമംഗലം കൈത്തറിക്ക് ഉണ്ടായത്.
ഒരു സാരിയില്‍ നിന്നും 360 പാവകള്‍വരെ നിര്‍മിക്കാന്‍ സാധിക്കും. ഒരു പാവയ്ക്ക് 25 രൂപയാണ് വില. പാവകളെ വിറ്റുകിട്ടുന്ന തുക പൂര്‍ണമായും ചേന്ദമംഗലം കൈത്തറി യൂനിറ്റുകള്‍ക്ക് നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കിയ ഇന്‍ഫോപാര്‍ക്ക് കമ്പനികളെയും ടെക്കികളെയും മന്ത്രി എ.സി മൊയ്തീന്‍ അഭിനന്ദിച്ചു. നവകേരള നിര്‍മാണത്തിന് ഇനിയും ഐ.ടി കമ്പനികള്‍ സഹായം നല്‍കണം. ഇന്‍ഫോപാര്‍ക്ക് പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, എം.എല്‍.എ മാരായ ഹൈബി ഈഡന്‍, പി.ടി തോമസ്, വി.പി സജീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."