വട്ടംകുളത്ത് ഡിഫ്തീരിയ: അതിര്‍ത്തിയിലുളളവര്‍ ആശങ്കയില്‍
ആനക്കര: പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ വട്ടംകുളത്ത് ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തതോടെ പാലക്കാട് ജില്ലാ അതിര്‍ത്തിയിലുളളവര്‍ ആശങ്കയിലായി. നേരത്തെ രോഗികളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നുവെങ്കിലും സ്ഥിരികരിച്ചിരുന്നില്ല.
വളാഞ്ചേരിയിലെ ഒരു സ്ഥാപനത്തില്‍ പഠിച്ച് ഹോസ്റ്റലില്‍ താമസിച്ചിരുന്ന 19 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 19ന് പനിയും തൊണ്ടവേദനയുംവന്ന് വളാഞ്ചേരിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഉമിനീര്‍ സ്രവം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ വട്ടംകുളം ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ നേതൃത്വത്തില്‍ യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും കുത്തിവെയ്പും പ്രതിരോധ പ്രവര്‍ത്തനങ്ങളും നല്‍കി. പരിസരത്തുള്ള 216 പേര്‍ക്ക് ടി.ഡി. വാക്‌സിനേഷനും എട്ടുപേര്‍ക്ക് ഡി.ടി.പിയും നല്‍കി.
കുത്തിവെപ്പ് മരുന്ന് കിട്ടാനില്ലാത്തതിനാല്‍ മലപ്പുറത്തുനിന്ന് അടിയന്തിരമായി വരുത്തിയാണ് മരുന്ന് നല്‍കിയത്. പരിസരവാസികളില്‍ ബോധവത്കരണവും നടത്തി.
മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫസല്‍ ഗഫൂര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വട്ടംകുളം പഞ്ചായത്തില്‍ നിന്ന് നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആനക്കര സ്വാമിനാഥ വിദ്യാലയ ഡയറ്റ്‌ലാബ് സ്‌കൂള്‍, കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്ലടത്തൂര്‍ ഗവ.
ഗോഖലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വിവിധ സ്വകാര്യ കോളജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നത്. ഇതാണ് നാട്ടുകാരുടെ ആശങ്കക്ക് കാരണമായിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."