മാര്‍ജിനല്‍ ഇന്‍ക്രീസും മതിയാകില്ല
സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ 10 മുതല്‍, മലബാറിലെ സീറ്റ് ക്ഷാമം തുടരും
മലപ്പുറം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കാന്‍ ബാക്കിയുള്ളത് 74,675 സീറ്റുകള്‍ മാത്രം. വിവിധ ജില്ലകളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ നില്‍ക്കുമ്പോഴാണ് 74,675 സീറ്റുകളിലേക്ക് മാത്രമായി സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കാനിരിക്കുന്നത്. ഏകജാലക രീതിയിലുള്ള മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ക്കു ശേഷം ഒഴിവുവന്ന സീറ്റുകള്‍ക്കു പുറമേ മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന പേരില്‍ അധികമായി വര്‍ധിപ്പിച്ച 20 ശതമാനം സീറ്റുകള്‍കൂടി ഉള്‍പ്പെടുത്തിയ കണക്കാണിത്. ഇതിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 10 മുതല്‍ സ്വീകരിക്കും. രണ്ടു ദിവസം അപേക്ഷിക്കാന്‍ അവസരമുണ്ടാകും. രണ്ടു തവണയായി നടന്ന മുഖ്യഘട്ട അലോട്ട്‌മെന്റില്‍ 2,41,767 വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനത്താകെ അലോട്ട്‌മെന്റ് ലഭിച്ചത്. മെറിറ്റ് അടിസ്ഥാനത്തിലുള്ള 413 സീറ്റുകള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതുകൂടാതെ 20 ശതമാനം സീറ്റ് വര്‍ധനവ് വരുത്തി. അലോട്ട്‌മെന്റ് ലഭിച്ചിട്ടും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പല ജില്ലകളിലും പ്രവേശനം നേടാത്തതിനെ തുടര്‍ന്നു കൂടിയാണ് ഇത്രയും സീറ്റുകള്‍ ഒഴിവുവന്നത്. സയന്‍സ് വിഭാഗത്തിലാണ് കൂടുതല്‍ ഒഴിവുകള്‍.
മുഖ്യഘട്ടത്തില്‍ സീറ്റ് കിട്ടാതെ കൂടുതല്‍ പേര്‍ പുറത്തായ മലപ്പുറം ജില്ലയിലാണ് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിനായി കൂടുതല്‍ സീറ്റുള്ളത്. ഇവിടെ 9,874 സീറ്റുകളുണ്ട്. കുറഞ്ഞ അപേക്ഷകരുള്ള വയനാട് ജില്ലയില്‍ 2,077 സീറ്റുകല്‍ മാത്രമാണുള്ളത്. വിവധ ഘട്ടങ്ങളിലായി ജൂലൈ അഞ്ചു വരെയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കുക. പൊതുവിദ്യാലയങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തന്നെ പ്രവേശനം ലഭിക്കുന്നതിനുള്ള സീറ്റുകള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ലഭ്യമാണെന്ന് ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സീറ്റ്‌നില പ്രകാരം ഇത് മലബാറില്‍ നടപ്പാകില്ല.
സീറ്റ് വേണോ, അപേക്ഷ പുതുക്കണം
മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചവരില്‍ പ്രവേശനം ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാന്‍ അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ട്. ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് ജൂണ്‍ 10 മുതല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാകും. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി വെബ്‌സൈറ്റിലെ റിന്യൂവല്‍ ഫോം പൂരിപ്പിച്ച് നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ നല്‍കണം.
വെബ്‌സൈറ്റിലെ ഒഴിവുകള്‍ക്കനുസരിച്ച് ഒപ്ഷനുകള്‍ പുനഃക്രമീകരിച്ചാണ് അപേക്ഷിക്കേണ്ടത്. ഇതുവരെയും അപേക്ഷ നല്‍കാത്തവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ഇതിന്റെ പ്രിന്റ്ഔട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നല്‍കണം. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന സ്‌കൂളുകള്‍, കോമ്പിനേഷന്‍ എന്നിവയില്‍ മാത്രമേ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുകുയുള്ളൂ.
സ്‌കൂള്‍ മാറ്റം ഇന്നു വരെ
മലപ്പുറം: ഒന്നാം ഒപ്ഷനിലല്ലാതെ മെറിറ്റ് ക്വാട്ടയില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് മുഖ്യ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളില്‍ സ്‌കൂള്‍, കോമ്പിനേഷന്‍ എന്നിവ മാറുന്നതിന് ഇന്ന് വൈകിട്ട് മൂന്നു വരെ അവസരമുണ്ടാകും. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പ്രവേശനം ലഭിച്ച സ്‌കൂളുകളിലെ പ്രിന്‍സിപ്പലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."